കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക ഇംഗ്ലീഷ് മാസികയായ കേരള കോളിങ്ങിന്റെ എമര്‍ജിങ് കേരള പ്രത്യേക പതിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.
എമര്‍ജിങ് കേരളയില്‍ പങ്കെടുക്കാനും നേതൃത്വം നല്കാനുമായി രാവിലെ 9.30 ന് തന്നെ എറണാകുളം ലെ മെറിഡിയനിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹോട്ടല്‍ അങ്കണത്തില്‍ നടന്ന ഹ്രസ്വമായ ചടങ്ങിലാണ് പ്രത്യേകപതിപ്പ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫും റവന്യൂ വകുപ്പ്മന്ത്രി അടൂര്‍ പ്രകാശും സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍ , ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം, ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്, വ്യവസായ വകുപ്പ് സെക്രട്ടറി അല്‍കേഷ് ശര്‍മ്മ, ഐ & പി ആര് ഡി സെക്രട്ടറി റ്റി.ജെ.മാത്യു എന്നിവര്‍ എമര്‍ജിങ് കേരള സംബന്ധിച്ച് എഴുതിയ ലേഖനങ്ങളാണ് പ്രത്യേക പതിപ്പിലുള്ളത്.
ഇതിന് പുറമെ പ്രമുഖവ്യവസായികളുടെ വിജയഗാഥകളും, കേരളത്തിന്റെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട വര്ണചിത്രങ്ങളും വിവരണങ്ങളും നാല്‍പ്പത്തിയെട്ട് പേജുകളുള്ള പ്രത്യേകപതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളകോളിങ് എഡിറ്റര്‍ സേവ്യര്‍ പ്രൈമസ് രാജന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ സംഘമാണ് എമര്‍ജിങ് കേരള പ്രത്യേകപതിപ്പിന്റെ അണിയറ ശില്പികള്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസ്, ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്.അജിത് കുമാര്‍, കേരളകോളിങ് എഡിറ്റര്‍ സേവ്യര്‍ പ്രൈമസ് രാജന് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: