കൊച്ചി: കേരളത്തിലെ മദ്യവില്‍പ്പന വൈകിട്ട് 5 മുതല്‍ രാത്രി 12 വരെ ആക്കാനുള്ള ഹൈക്കോടതിനിര്ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് കാണിച്ചുകൊണ്ട് പ്രസ്തുത ഹര്‍ജിയില്‍ കക്ഷിചേരാനുള്ള കേരള സംസ്ഥാന മദ്യവര്‍ജ്ജന സമിതി ശാന്തിസേന കൗണ്‍സില്‍ ഹര്‍ജി നല്കി. കേരളത്തിലെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹര്‍ജി പരിഗണിക്കവെ (സേവിയസ് ബാര്‍ റസിഡന്‍സി, കൊല്ലം) ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ആഗസ്റ്റ് 21ല്‍ കേരളത്തിലെ മദ്യവില്‍പ്പന വൈകിട്ട് 5 മുതല്‍ 12 വരെയാക്കി നിജപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വിരോധമുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കുവാന് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ആശ്വാസമായിരിക്കുമെന്നും ഇങ്ങനെ 5 മുതല്‍ 12 വരെ നിജപ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 47-പൂര്‍ണ്ണ മദ്യനിരോധനത്തിന് ലക്ഷ്യമിടുന്നതിനാല്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്ലൊരു സംരംഭത്തിന്റെ തുടക്കമാണെന്നും അത് കേരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതു യാത്രാ വാഹനങ്ങളായ ബസ്, ട്രെയിന്‍, ഓട്ടോറിക്ഷ മുതലായവയില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഒരു ആശ്വാസമായിരിക്കുമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 2012-13 നയപ്രഖ്യാപനത്തില്‍ മദ്യവിമുക്ത കേരളം വിഭാവനം ചെയ്യുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരള മദ്യവര്‍ജന സമിതി ശാന്തിസേനാ കൗണ്‍സില്‍ സ്റ്റേറ്റ് സെക്രട്ടറി കുര്യാക്കോസ് വളവിയാണ് മദ്യവര്‍ജ്ജന സമിതി ശാന്തിസേനയ്ക്കുവേണ്ടി അഡ്വ. ബേസില്‍ അട്ടിപ്പേറ്റി മുഖേന ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിട്ടുള്ളത്. പ്രസ്തുത ഹര്‍ജി മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇനി 20ന് പരിഗണനയ്ക്കായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: