ന്യൂദല്‍ഹി: നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രജലവിഭവ സെക്രട്ടറി ധ്രുവ് വിജയ് സിംഗിന്റെ പരോക്ഷ വിമര്‍ശനം. കേരളത്തിലെ നദികളില്‍ അധികജലമില്ലെന്നാണ് കേരളം പോലും പറയുന്നത്. ഇത്തരം നിലപാടുകളാണ് നദീസംയോജന പദ്ധതിക്ക് തടസ്സമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വെള്ളമുള്ള നദികളേതെന്ന് ആരാണ് നിശ്ചയിക്കേണ്ടതെന്ന ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാവുന്നതെന്നും ജലവിഭവ സെക്രട്ടറി പറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങളുടെ ആശങ്ക കൂടി പരിഗണിച്ചു മാത്രമെ പദ്ധതി നടപ്പാക്കൂവെന്നു മന്ത്രി പവന് കുമാര്‍ ബന്‍സല്‍ അറിയിച്ചു. നദീ സംയോജന പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
അയല്‍ സംസ്ഥാനങ്ങള്‍ക്കു നല്കാന് തങ്ങളുടെ പക്കല്‍ വെള്ളമില്ലെന്നാണു കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പറയുന്നത്. പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ പദ്ധതിക്കു വെള്ളം നല്‍കില്ലെന്നു കേരളം നിലപാടെടുത്തിരുന്നു. എന്നാല്‍ നദീ സംയോജനം ഒരു സാമൂഹിക പ്രശ്നമായി കാണണമെന്നു കേന്ദ്ര മന്ത്രി പവന് കുമാര്‍ ബന്‍സല്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: