കൊല്‍ക്കത്ത: കേന്ദ്രത്തില്‍ മൂന്നാം മുന്നണി രൂപികരണത്തിന് മുലായം സിംങ് യാദവ് മുന്‍കൈയെടുക്കുമെന്ന് സൂചന. കൊല്‍ക്കത്തയില്‍ നടക്കുന്ന സമാജ് വാദി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുലായം സിംങ് യാദവ് പറഞ്ഞത്.
കോണ്‍ഗ്രസുമായി നിര്‍ണായക സമയങ്ങളില്‍ സഹകരിച്ചിരുന്ന സമാജ് വാദി പാര്‍ട്ടി നിലപാടില്‍ മാറ്റം വരുത്തുന്നുമെന്ന സൂചനയാണ് പ്രസംഗം നല്‍കുന്നത്. കോണ്‍ഗ്രസിനു നല്ല ഭാവി കാണുന്നില്ലെന്നു എസ്.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ അദ്ദേഹം പ്രതികരിച്ചു. നിരവധി അഴിമതി ആരോപണങ്ങളില്പെട്ട കോണ്‍ഗ്രസിന് പ്രതിച്ഛായ നഷ്ടമുണ്ടായതായി മുലായം സിങ് ആരോപിച്ചു. വിവിധ മന്ത്രിമാര്‍ നിരവധി അഴിമതി ആരോപണങ്ങളില്പെട്ടതുമൂലം രാജ്യത്തെമ്പാടും കോണ്‍ഗ്രസിന്റെ അവസ്ഥ മോശമായിരിക്കുകയാണെന്നും മുലായം സിംങ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിയന്ത്രണമില്ലാതെ പോകുകയാണ്. കോണ്‍ഗ്രസിനു നേരെ ഇത്രയും അഴിമതി ആരോപണം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല. അതിനാല്‍ സമാജ് വാദി പാര്‍ട്ടി ദേശീയ തലത്തില്‍ കൂടുതല്‍ വളരാന്‍ തയാറാകുകയാണ്. എസ്.പി ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പശ്ചിമബംഗാളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അക്കൗണ്ട് തുറക്കും. ദേശീയ തലത്തില്‍ എസ്.പിക്കു ഒരുപാടു കടമകള്‍ നിര്‍വഹിക്കാനുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം സമാജ് വാദി പാര്‍ട്ടിക്കു വളരാനാകുമെന്നും മുലായം പറഞ്ഞു.
2014ല്‍ എസ്.പിയുടെ സഹായമില്ലാതെ സര്‍ക്കാര്‍ രൂപികരിക്കപ്പെടില്ലെന്നും മുലായം സിങ് അവകാശപ്പെട്ടു. ഇതിനിടെ മുലയാം സിംങ് യാദവ് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ദേശീയ നിര്വാഹസമിതിയോഗത്തില് നടത്തിയ പ്രസംഗത്തില്‍ മമതാ ബാനര്‍ജിയെ പ്രശംസിച്ചാണ് അദ്ദേഹം സംസാരിച്ചത്. കഠിനാധ്വാനിയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ് മമതാ ബാനര്‍ജിയെന്നായിരുന്നു മുലായം സിംങിന്റെ പ്രശംസ.
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സ്തംഭിച്ചപ്പോള്‍, ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഏകീകരിപ്പിച്ച് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചതിലൂടെ എക്കാലവും കോണ്‍ഗ്രസ് സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്താന്‍ തയ്യാറല്ലെന്ന സൂചന എസ്.പി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെന്ന് മുലായം സിംങ്ങിന്റെ നിലപാടില്‍ പ്രതികരിച്ച് സി.പി.ഐ നേതാവ് ഡി രാജ പറഞ്ഞു
മുലായം സിംങ് ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ വ്യക്തമാക്കിയതോടെ, 2014 ലെ തെരഞ്ഞെടുപ്പിലെ മുന്നണി സമവാക്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായിരിക്കുകയാണ്. ഇടതുപക്ഷത്തിന് പുറമെ പ്രബലരായ പ്രാദേശിക പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കുന്നതോടെ, ഒരിടവേളയ്ക്കു ശേഷം മൂന്നാം മുന്നണി ചര്‍ച്ചകള്‍ ദേശീയ രാഷട്രീയത്തില്‍ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: