ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ മുഴുവന്‍ അഴിമതിക്കാരാണെന്നു ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. സര്‍ക്കാര്‍ കഴുത്തറ്റം അഴിമതിയില്‍ മുങ്ങിയിരിക്കുന്നുവെന്നും അദേഹം പ്രതികരിച്ചു. കല്‍ക്കരിപ്പാട അഴിമതി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വെളിച്ചത്ത് കൊണ്ട് വന്നതിന്റെ പേരില്‍ സിഎജിയെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസും പ്രധാനമന്ത്രിയും ശ്രമിച്ചത്. കോണ്‍ഗ്രസിലെ എംപിമാരും മറ്റ് നേതാക്കളുമെല്ലാം പൊതുവേദിയില്‍ സിഎജിയെ വിമര്‍ശിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ദു:ഖകരമാണ്. കല്‍ക്കരിപ്പാട വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ട് ക്യത്യമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ അറിയിച്ചു.
വിഷയത്തില്‍ യുപിഎയുടേയും പ്രധാനമന്ത്രി മന്മോഹന് സിംഗിന്റേയും പങ്കിനെക്കുറിച്ച് പരിശോധിക്കണമെന്ന് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. എല്‍ കെ അദ്വാനിക്ക് പുറമെ ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുരളി മനോഹര്‍ ജോഷി എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
എന്നാല്‍ കല്‍ക്കരിപ്പാട ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കു ബിജെപിക്കു മടിയാണെന്നു കോണ്‍ഗ്രസ് മറുപടി നല്കി. ബിജെപിക്കാരാണ് അഴിമതിക്കാരെന്നു കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ദിഗ് വിജയ് സിങ്ങും ആരോപിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തു. ഛത്തിസ്ഗഡില്‍ ഇതുവഴി ആയിരം കോടിയുടെ നഷ്ടമുണ്ടായെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: