തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് നിയമവിരുദ്ധമായി ഭൂമി ദാനം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വി.എസ്, മുന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് അന്വേഷണ റിപ്പോര്‍ട്ട്. നിയമോപദേശത്തിനു ശേഷമേ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കൂ.
കേസില്‍ വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് സംഘം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പ്രോസിക്യൂഷന് ഇനി വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കണം. മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്, മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, വി.എസിന്റെ ബന്ധു ടി.കെ.സോമന്, കാസര്‍കോട് മുന്‍ കളക്ടര്‍മാരായ എന്‍.എ.കൃഷ്ണന് കുട്ടി, ആനന്ദ് സിങ്, വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. ഏഴു മാസം കൊണ്ടാണ് അന്വേഷണം വിജിലന്‍സ് സംഘം പൂര്‍ത്തിയാക്കിയത്.
മുന്ലാന്ഡ് റവന്യൂ കമ്മീഷണര്‍ കെ.ആര്.മുരളീധരനെ മാപ്പുസാക്ഷിയാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം. ഇതുകൂടാതെ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് ഡിവൈഎസ്പി വി.ജി.കുഞ്ഞനാണ് കേസന്വേഷിച്ചത്. കഴിഞ്ഞ ജനുവരി പതിമൂന്നിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭൂമിദാനവുമായി ബന്ധപ്പെട്ട രേഖകള്‍ കാസര്‍കോട്ടെ വിവിധ റവന്യൂ ഓഫിസുകളില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോയത്.
കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലാണ് 2.33 ഏക്ര ഭൂമി 2010 ജൂണ്‍ നാലിന് ടി.കെ. സോമന് അനുവദിച്ചു നല്‍കിയത്. വിരമിച്ച സൈനികരില്‍ സ്വന്തമായി ഭൂമിയില്ലാത്തവരും മുപ്പതിനായിരം രൂപയ്ക്ക് താഴെ വരുമാനമുള്ളവരുമായവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം അര്‍ഹനല്ലാത്ത അച്യുതാനന്ദന്റെ വല്യച്ഛന്റെ ചെറുമകനായ ടി.കെ. സോമന് കൈപ്പറ്റി എന്നായിരുന്നു കേസ്. സോമന് ആലപ്പുഴയില്‍ 2.1 ഏക്കര്‍ ഭൂമി, 30 സെന്റ്, രണ്ടുനില വീട്, ഫാന്‍സി സ്റ്റോര്‍ എന്നിവ സ്വന്തമായുണ്ട്. സോമന്റെ മക്കള്‍ രണ്ടുപേര്‍ വിദേശത്തുമാണ്. അര്‍ഹരായവരുടെ 300 ഓളം അപേക്ഷകള്‍ വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുമ്പോഴാണ് സോമന് ഭൂമി ലഭിച്ചത്. ലഭിച്ച ഭൂമി മാനദണ്ഡങ്ങള്‍ ലംഘിച്ച് വില്‍ക്കാനും അനുമതി നല്‍കിയെന്നുമാണ് കേസ്. ഭൂമിദാനവുമായി ബന്ധപ്പെട്ട് രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: