കൊച്ചി: കേരള വികസനത്തിന് പുത്തന്‍ പ്രതീക്ഷകളും ഒപ്പം വിവാദങ്ങളുമുയര്ത്തിയാണ് എമേര്‍ജിംഗ് കേരള ആഗോള നിക്ഷേപ സംഗമത്തിന് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഇന്ന് തുടക്കമാവുന്നത്. 52 വിദേശ രാജ്യങ്ങളില്‍നിന്നുള്ള 2500 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘എമര്‍ജിംഗ് കേരള 2012’ ന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് നടത്തുന്ന പ്രസംഗത്തിലാണ് കേരളത്തിന്റെയും ആഗോള നിക്ഷേപകരുടേയും പ്രതീക്ഷ. അവ്യക്തതകള്‍ നിറഞ്ഞ പദ്ധതികളിലൂടെ ആദ്യംതന്നെ വിവാദങ്ങളില്‍ നിറഞ്ഞ എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികള്‍ക്കും കേന്ദ്രാനുമതിയെന്ന കടമ്പകടക്കാന്‍ പ്രധാനമന്ത്രിതന്നെ കനിയണം. ഇതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയിച്ചിരുന്നോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മെട്രോറെയിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി ഉടലെടുത്തിരുന്ന അവ്യക്തതകള്‍ ഇന്നലെ മാത്രമാണ് അല്പമെങ്കിലും മാറിയത്. നിര്‍മ്മാണച്ചുമതല ഡിഎംആര്സിയ്ക്കുതന്നെയെന്ന് മെട്രോറെയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും പദ്ധതിയുടെ വികസനമുള്‍പ്പെടെ ഇനിയും വ്യക്തമാകാന്‍ നിരവധി ഘടകങ്ങള്‍ ബാക്കിയാണ്. കോട്ടയത്ത് സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ച ഐഐടിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന് അനുമതി നല്‍കാത്തതും കേരള സര്‍ക്കാരിന് മുന്നില്‍ പ്രതിബന്ധമായി നില്‍ക്കുകയാണ്. ഇതിനു പുറമേ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ടൂറിസം പദ്ധതികള്‍ക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്ന ജനരോഷവും പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തുനിന്നുതന്നെ ഉടലെടുത്തിരിക്കുന്ന എതിര്‍പ്പും സര്‍ക്കാരിനു തലവേദനയായി. എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ പലതും മലപ്പുറം ജില്ലയിലാണെന്ന വിവാദവും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ചില പ്രവാസി വ്യവസായികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും പദ്ധതികളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. ഇത്തരം ചൂടേറിയ വിവാദങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമെന്ന സ്ഥാനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭയും എമര്‍ജിംഗ് കേരളയുമായി മുന്നോട്ടുപോവുകയായിരുന്നു.
ടൂറിസം, ഐടി, വിദ്യാഭ്യാസം, ഗതാഗതം, ഊര്‍ജ്ജം തുടങ്ങി 23ഓളം മേഖലകളിലായാണ് ആഗോളതലത്തില്‍ നിക്ഷേപത്തിനായി കേരളം ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഏറ്റെടുത്തു നല്‍കിയും വന്‍വികസന പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ലക്ഷക്കണക്കിനു തൊഴില്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കേരളത്തിന്റെ സമഗ്രവികസനം സാദ്ധ്യമാവൂ എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്. പരിസ്ഥിതിയുടെ പേരുപറഞ്ഞ് കേരള വികസനം വര്‍ഷങ്ങളായി തടസ്സപ്പെട്ടുകിടക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ എമര്‍ജിംഗ് കേരളയിലൂടെ സാധ്യമാവൂ എന്നും മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നു. എന്തായാലും കേരളത്തിലെ നിക്ഷേപസാദ്ധ്യതകള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതു തന്നെയാണ് അമ്പതിലധികം വിദേശരാഷ്ട്രങ്ങളില്നിന്നുള്പ്പെടെ എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കുന്നതിനായെത്തിയ പ്രതിനിധികളുടെ എണ്ണം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: