പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഉള്‍പ്പെടുന്ന മുണ്ടൂരില്‍ സിപിഎം ഏരിയാകമ്മറ്റി നെടുകെ പിളര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു നാമകരണം ചെയ്ത പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയായി സിപിഎമ്മില്‍നിന്നും തരംതാഴ്ത്തലിനു വിധേയനായ മുന്‍ ഏരിയാ സെക്രട്ടറി പി.എ. ഗോകുല്‍ദാസിനെ തിരഞ്ഞെടുത്തു.
പത്തൊന്‍പതംഗ ഏരിയാകമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ് തങ്ങളെന്നും ഇപ്പോഴത്തെ തീരുമാനം സിപിഎം സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന് എതിരല്ലെന്നും ഗോകുല്‍ദാസ് പറഞ്ഞു. ഡിവൈഎഫ്ഐയുടെ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റു കൂടിയായ ഗോകുല്‍ദാസ് ആദ്യതവണത്തെ തരം താഴ്ത്തലിനു ശേഷം കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ജില്ലാകമ്മിറ്റിയില്‍ ഗോകുല്‍ദാസ് ഒഴികെയുള്ള ഏരിയാസെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയിരുന്നു. അന്നുമുതലേ ഗോകുല്‍ദാസ് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു.
ജില്ലാനേതൃത്വത്തിലെ ചില കോക്കസുകള്ക്കെതിരെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും യോഗം അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിക്കും. വിഎസിന്റെ മണ്ഡലമായ മലമ്പുഴയില്‍ ഉള്‍പ്പെടുന്നതാണ് മുണ്ടൂര്‍ .വ്യക്തിപരമായ വിഷയം സംബന്ധിച്ച പരാതിയില്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്.
ജില്ലാകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയും ശരിവച്ചിരുന്നു.പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഗോകുല്‍ദാസിനെ പിന്തുണയ്ക്കുന്ന വിഎസ് പക്ഷം കഴിഞ്ഞ ദിവസം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ മുണ്ടൂരില്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ കണ്വന്ഷന് വിളിച്ചുചേര്‍ത്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മുണ്ടൂര്‍ ഏരിയാകമ്മിറ്റിക്കു കീഴിലുള്ള മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെയും പിന്തുണ പുതിയപാര്ട്ടിക്കാണ്. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉറച്ച മണ്ഡലങ്ങളിലൊന്നായ മലമ്പുഴയിലെ ആറ് പഞ്ചായത്തുകളിലും വിഎസ് പക്ഷത്തിനാണ് സ്വാധീനം.
ഏരിയാ കമ്മിറ്റിയിലുള്‍പ്പെടുന്ന ആറു പഞ്ചായത്തുകളിലെ പതിനൊന്നു പഞ്ചായത്തു മെമ്പര്‍മാരും വിമതപക്ഷം വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഒരു പഞ്ചായത്തുപ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടും.
ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെ വിമതപക്ഷത്തിന്റെ നീക്കത്തെ ചെറുക്കുവാന്‍ ഔദ്യോഗിക പക്ഷം അകത്തേത്തറയില്‍ ഇന്നലെ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതീക്ഷിച്ചത്ര അംഗങ്ങള്‍ പങ്കെടുത്തില്ലെന്നാണറിയുന്നത്. ഒറ്റപ്പാലത്തിനും ഷൊര്‍ണൂരിനും പിന്നാലെ മുണ്ടൂരിലുമുണ്ടായ വിമത നീക്കം വരുംനാളുകളില്‍ സിപിഎമ്മിന് കനത്ത വെല്ലുവിളിയുയര്‍ത്തും. രണ്ടിടത്തും വിമത നീക്കം മൂലം സിപിഎമ്മിന് ഭരണ നഷ്ടവും ഉണ്ടായി
കെ.കെ.പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: