തിരുനെല്‍വേലി: ആണവവിരുദ്ധ പ്രക്ഷോഭത്തിനെതിരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട കൂടംകുളത്ത് അസുഖകരമായ ശാന്തത. ഏത് നിമിഷവും വീണ്ടുമൊരു പ്രക്ഷോഭത്തിനുള്ള സാധ്യതയില്‍ പോലീസ് അതീവ ജാഗ്രത തുടരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ജനകീയ സമിതിയുടെ നേതാവ് എസ്.പി. ഉദയകുമാര്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനത്തിനിറങ്ങിയ ആയിരക്കണക്കിന് ജനങ്ങള്‍ രാത്രി മുഴുവന്‍ നിലയത്തിന് സമീപമുള്ള തുറന്ന സ്ഥലങ്ങളിലും കടലോരത്തും കഴിച്ചുകൂട്ടി. നിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സത്യഗ്രഹവും തുടരുകയാണ്. ആണവനിലയത്തിനെതിരെയുള്ള പ്രതിഷേധം ഇനിയും തുടരുമെന്ന് കീഴടങ്ങുന്നതിന്മുമ്പ് ഇടിന്തക്കരൈയിലെ 48 മണിക്കൂര്‍ സത്യഗ്രഹവേദിയില്‍ ഉദയകുമാര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പിന്തുണയോടെ സംസ്ഥാനസര്‍ക്കാര്‍ തങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് ആയിരത്തിലേറെ വരുന്ന സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഉദയകുമാര്‍ കുറ്റപ്പെടുത്തി. സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും അതീവജാഗ്രത തുടരുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ എംഡിഎംകെ, വിടുതലൈ ചിരുത്തൈഗള്‍ കക്ഷി തുടങ്ങിയ ഒട്ടേറെ തമിഴ് സംഘടനകള്‍ പ്രകടനം നടത്തി. ചെന്നൈയില്‍ ബസിനുനേരെ കല്ലേറുണ്ടായി. കോയമ്പത്തൂരില്‍ തീവണ്ടി തടയാനും ശ്രമം നടന്നു. ഇതിനിടെ, കൂടംകുളം നിലയത്തില്‍ ആണവഇന്ധനം നിറയ്ക്കുവാന്‍ മദ്രാസ് ഹൈക്കോടതി നല്കിയ അനുമതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: