കൊച്ചി: സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് നാളെ കൊച്ചിയില്‍ വിമാനമിറങ്ങും. ലോകമെങ്ങുമുള്ള നിക്ഷേപകരുടെയും വ്യവസായ സംരംഭകരുടെയും ശ്രദ്ധ കേരളത്തിലേക്കാകര്ഷിക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമവും കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രധാനപരിപാടികള്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും പ്രധാനമന്ത്രിയാണ്. എമര്‍ജിംഗ് കേരളയുടെ പശ്ചാത്തലത്തില്‍ ഈയാഴ്ചയിലെ മന്ത്രിസഭ യോഗം ഇന്ന് വൈകിട്ട് ആറിനു എറണാകുളം ഗസ്റ്റഹൗസില്‍ ചേരും. നാളെയും മറ്റന്നാളും പ്രത്യേക മന്ത്രിസഭ യോഗവും ഉണ്ടാകും.
നാളെ 11.25ന് പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് റോഡ് മാര്‍ഗം ഹോട്ടല്‍ ലെ മെറിഡിയനിലെത്തുന്ന പ്രധാനമന്ത്രി എമര്‍ജിങ് കേരളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ലെ മെറിഡിയനില്‍ നിന്നും വെല്ലിങ്ങ്ടണ്‍ ഐലന്‍ഡിലെ താജ് വിവാന്റയിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. 03.05ന് വിവാന്റയില്‍ നിന്നും നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ തൃശൂരിലേക്ക് യാത്ര തിരിക്കും. കലാമണ്ഡലത്തിലെ ചടങ്ങിന് ശേഷം 05.25ന് കൊച്ചിയില്‍ തിരിച്ചെത്തും. രാത്രി വിശ്രമം വിവാന്റയില്‍.
13ന് രാവിലെ 9.40ന് വിവാന്റയില്‍ നിന്നും മറൈന്‍ഡ്രൈവിലേക്ക് റോഡ് മാര്‍ഗമെത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടും. മറൈന്‍ഡ്രൈവില്‍ നിന്നും ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യൂ, ഫോര്‍ഷോര്‍ റോഡ് വഴി ഫൈന്‍ ആര്‍ട്സ് ഹാളിലെത്തുന്ന പ്രധാനമന്ത്രി 10.55ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. 11.50ന് നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിക്ക് യാത്രയയപ്പ്.
പ്രധാനമന്ത്രിയെ വരവേല്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതും സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് ഗോപാലകൃഷ്ണപിള്ളയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: