കണ്ണൂര്‍: അരിയില്‍ എംഎസ്എഫുകാരന് അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സി.മുജീബ് റഹ്മാനാണ് വാറണ്ട് പുറപ്പെടുവിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്റെ മകനും കേസിലെ 19-ാം പ്രതിയുമായ ശ്യാംജിത്ത്, 23-ാം പ്രതി കീഴറ നടുവിലെ പുരയില്‍ അജയകുമാര്‍ 18-ാം പ്രതി നടുവിലെ പുരയില്‍ നവീന്‍, പ്രകാശന് എന്നിവര്‍ക്കാണ് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് വാറണ്ട് അയച്ചത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് സിപിഎം പാര്‍ട്ടി കോടതി ചേര്‍ന്ന് വള്ളുവന് കടവില്‍ ഷുക്കൂറിനെ വെട്ടിക്കൊന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് 32-ാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് 33-ാം പ്രതിയുമാണ്. ആഗസ്റ്റ് 23നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു.പ്രേമന് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനായി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതികളായ പി.ജയരാജനും ടി.വി.രാജേഷും ഹാജരാകാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മുഴുവന്‍ പ്രതികളും ഹാജരായാല്‍ മാത്രമേ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയുള്ളൂ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്റെ മകനെ കോടതിയില്‍ ഹാജരാക്കാന്‍ പാര്‍ട്ടി നേതൃത്വം വിമുഖത കാട്ടുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: