ശ്രീഹരിക്കോട്ട: ചരിത്രം കുറിച്ച് നൂറാമത്തെ വിക്ഷേപണ ദൗത്യവും ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്ന പോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹനം (പിഎസ്എല്‍വി-സി 21) രണ്ട് വിദേശ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ വിക്ഷേപണമാണ് ഇന്നലെ നടന്നത്. 1975 ഏപ്രില്‍ 19ന് ആദ്യ ഉപഗ്രഹമായ ‘ആര്യഭട്ട’ വിക്ഷേപിച്ചുകൊണ്ട് ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ ദൗത്യമാണ് ഇന്നലെ സെഞ്ച്വറി തികച്ചത്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ നാഴികക്കല്ലാണിതെന്ന് വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചു. തദ്ദേശീയമായി രാജ്യത്ത് നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും നമ്മുടെ മത്സരക്ഷമതയ്ക്കും തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാന്‍സില്‍നിന്ന് 712 കി.ഗ്രാം ഭാരമുള്ള സ്പോട്ട്-6 വിദൂര സംവേദന ഉപഗ്രഹവും 15 കി.ഗ്രാം ഭാരമുള്ള ജാപ്പനീസ് പേടകമായ പ്രോയിട്ടേഴ്സുമായാണ് മൂന്നാമത്തെ പൂര്‍ണ്ണ വാണിജ്യ വിക്ഷേപണത്തില്‍ പിഎസ്എല്‍വി- സി 21 കുതിച്ചത്. ഒരു വിദേശ രാജ്യത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് സ്പോട്ട് 6. യൂറോപ്യന്‍ ഏരിയന്‍ റോക്കറ്റാണ് ഫ്രാന്‍സിന്റെ മുമ്പുള്ള 5 സ്പോട്ട് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചത്. 2007ല്‍ ഇറ്റലിയുടെ 350 കി.ഗ്രാം ഭാരമുള്ള ‘എജെയില്’ ഉപഗ്രഹത്തെയും വിജയകരമായി വിക്ഷേപിച്ചു. 300 കിലോഗ്രാമില്‍ താഴെയുള്ള മറ്റ് 12 വാണിജ്യ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തി. ഇന്നലെ രാവിലെ 9.51ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം അന്തരീക്ഷത്തിലെ തടസങ്ങള്‍ നീങ്ങുന്നതിനായി രണ്ട് മിനിറ്റ് വൈകിച്ചു. പിഎസ്എല്‍വിയുടെ 22-ാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആര്‍ഒയുടെ പഴയ പടക്കുതിരയായ പിഎസ്എല്‍വി ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്.
ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് സ്പോട്ട്-6. ‘പ്രോയിട്ടേഴ്സ്’ ഹായ് റെസല്യൂഷന്‍ ക്യാമറ വഴി ജപ്പാന്റെ കന്‍സായ് ജില്ലയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹവുമാണ്. ഇതുവരെ 63 ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രഹങ്ങളും തദ്ദേശീയമായ 36 റോക്കറ്റുകളും ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ഒരു സ്പേസ് റിക്കവറി മൊസ്യൂളും ഈ പട്ടികയില്‍പ്പെടുന്നു. 2008 ഒക്ടോബറില്‍ രാജ്യത്തിന്റെ പ്രഥമ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-1 വന്‍ വിജയമായിരുന്നു.
രാജ്യത്തെ ഓരോ കുടുംബവും ഐഎസ്ആര്‍ഒയുടെ ഓരോ വിക്ഷേപണത്തിന്റെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും സാധാരണ ജനത്തിന്റെ ജീവിതനിലവാരവും മൂല്യവും ഉയര്‍ത്തുകയാണ് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ മുഖമുദ്രയെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.രാധാകൃഷ്ണന് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60ഓളം ദൗത്യങ്ങള്‍ക്കും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നു. ഇന്നലത്തെ വിക്ഷേപണത്തിന്റെ ചെലവ് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഉപഭോക്താക്കളാണ് അത് വഹിക്കുന്നതെന്നായിരുന്നു പ്രതികരണം. വിക്ഷേപണം വന്‍ വിജയമായിരുന്നുവെന്നും റോക്കറ്റിന്റെ നാല് ഘട്ടങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായും മിഷന് ഡയറക്ടര്‍ കുഞ്ഞാലി കൃഷ്ണന് വ്യക്തമാക്കി. 1975 ല്‍ ഉപഗ്രഹമായ ആര്യഭട്ടയായിരുന്നു ഐഎസ്ആര്‍ഒയുടെ ആദ്യവിക്ഷേപണം. തുടര്‍ന്ന് 62 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. 37 വിക്ഷേപണ വാഹനങ്ങളും ഇതിനായി നിര്‍മ്മിച്ചു. അടുത്ത വര്‍ഷം ചൊവ്വയിലേക്ക് ആളില്ലാ വാഹനമയക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെ അടുത്ത സുപ്രധാന പദ്ധതികളില്‍ ഒന്ന്. നാല് വര്‍ഷം മുമ്പ് നടത്തിയ ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിനെത്തുടര്‍ന്നാണ് അടുത്ത ദൗത്യത്തിനുള്ള ശ്രമം. ചാന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചാന്ദ്രയാന്‍ 2 ദൗത്യം റഷ്യയുടെ സഹായത്തോടെയായിരിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍ ചാന്ദ്രയാന്‍ 2 ദൗത്യം വൈകിയേക്കാന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: