തൃശൂര്‍ : കോണ്‍ഗ്രസ്സിലെ തമ്മിലടിയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നിയമനം വൈകുന്നു. മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ കൊച്ചിന് ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. തിരുവില്വാമല നിറമാല തുടങ്ങുന്നതോടെയാണ് മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുക. 20നാണ് നിറമാല. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നാനൂറോളം ക്ഷേത്രങ്ങളാണ് ഉള്ളത്. ഇവിടെയെല്ലാം ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിക്കേണ്ടതാണ്. എന്നാല്‍ ഇതിനൊന്നും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ബോര്‍ഡ് ഇല്ലാത്തത് മൂലം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. എല്‍ഡിഎഫിന്റെ കാലത്ത് നിയമിച്ച ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെയും പുതിയ ബോര്‍ഡ് നിലവില്‍ വന്നിട്ടില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നില്ക്കുന്ന പിടിവലിയാണ് ബോര്‍ഡ് നിയമനങ്ങളും വൈകാന്‍ ഇടയാക്കുന്നത്. തൃശൂരില്‍ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നിലവിലെ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹനനെ ഡിസിസി പ്രസിഡണ്ടാക്കുകയും ഡിസിസി പ്രസിഡണ്ടായ വി.ബലറാമിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റേയോ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെയോ പ്രസിഡണ്ടാക്കുമെന്നും അറിയുന്നു. തൃശൂര്‍ ജില്ല ഡിസിസി പഴയ ഡിഐസിക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് ചന്ദ്രമോഹനനെ പ്രസിഡണ്ടാക്കാന്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടയില്‍ മത-സാമുദായിക സംഘടനകളും പ്രസിഡണ്ട് സ്ഥാനത്തിന് ചരട് വലി നടത്തുന്നുണ്ട്. ഇതിന് പുറമെ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള നിയമവ്യവസ്ഥയും സര്‍ക്കാരിന് എതിരാണ്. ഹിന്ദു എംഎല്‍എമാര്‍ കൂടുതല്‍ ഇടതുപക്ഷത്തായതിനാല്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് ശേഷം മാത്രമെ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ ബോര്‍ഡില്‍ കൊണ്ടുവരാന്‍ യുഡിഎഫിന് സാധിക്കൂ. അതുകൊണ്ടുതന്നെ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് പറയപ്പെടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇതുവരെയും പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മണ്ഡല കാലത്തിന് ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെ ഇവിടെയും ബോര്‍ഡ് വരാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: