തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ചതിലെ ഗൂഢാലോചന വ്യക്തമാകാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരായ സിപിഎം നിലപാട് വിമര്‍ശിക്കപ്പെടുന്നു. സംഭവത്തില്‍ സിപിഎമ്മിനുള്ള പങ്ക് അനിഷേധ്യമായതിനാലാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രസ്താവിച്ചു. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോയാണ് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിനുള്ള നീക്കം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് പിബിയോഗതീരുമാനങ്ങള് വിശദീകരിക്കവെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്.
പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ പ്രതികളാക്കാനാണ് സിബിഐ അന്വേഷണമെന്ന ആവശ്യം. ഇത് അംഗീകരിക്കാനാകില്ല കാരാട്ട് പറഞ്ഞു. നേരത്തെ സിബിഐ അന്വേഷണത്തെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദനും സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും നിലപാടുകള്‍ വെള്ളിയാഴ്ച ചേര്‍ന്ന പിബി യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സിബിഐ അന്വേഷണത്തിനെതിരെ പാര്‍ട്ടി രംഗത്തു വരണമെന്ന് കേരള ഘടകം ശക്തമായി വാദിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചത്. പോലീസ് അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങവെ പ്രതികള്‍ കുറ്റമേല്ക്കുകയും അതോടെ അന്വേഷണം നിര്‍ത്തുകയും ചെയ്തത് സംശയമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ആര്‍എംപിയാണ് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വി.എസ്.അച്യുതാനന്ദനും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെ സിപിഎം വെട്ടിലാകുകയായിരുന്നു.
കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അന്വേഷണ ആവശ്യത്തെ സിപിഎം തള്ളിപ്പറയുന്നത്. ഇത് പിന്നെയും ദുരൂഹത സൃഷ്ടിക്കുന്നതാണ്. പിബി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ ഇനി വി.എസിന്റെ നിലപാട് എന്താകുമെന്നാണ് സര്‍വരും ഉറ്റുനോക്കുന്നത്. നിയമവശം പരിശോധിച്ച് സിബിഐക്ക് വിടുന്ന കാര്യം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ടിപിയുടെ ആത്മാവ് സിപിഎമ്മിനെ വേട്ടയാടുകയാണെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: