കൊച്ചി: എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുന്ന വ്യവസായ പ്രോജക്ടുകളില്‍ നിന്നും ആറന്മുളയേയും ശബരിമലയേയും ഒഴിവാക്കണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിയും ശബരിമല മാസ്റ്റര്‍ പ്ലാനും എമര്‍ജിംഗ് കേരളയുടെ പരിഗണനയില്‍ കൊണ്ടുവരുന്നത് കോടിക്കണക്കിന് വരുന്ന ഭക്തജന സമൂഹത്തിന്റെ വിശ്വാസസങ്കല്പ്പങ്ങളേയും വികാരങ്ങളേയും ധ്വംസിക്കും. എമര്‍ജിംഗ് കേരള പരിപാടി നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള വ്യവസായ വകുപ്പിന്റെ പരിപാടിയാണ്. പൈതൃകകേന്ദ്രവും തീര്‍ത്ഥസ്ഥാനവും വാണിജ്യവല്‍ക്കരിക്കാനുള്ള ചില ഗൂഢശക്തികളുടെ അപകടകരമായ നീക്കത്തെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തിരിച്ചറിയണം. വ്യവസായികള്‍ നിക്ഷേപിച്ചുകൊണ്ടല്ല, വികാരവും വിശ്വാസവുമുള്ള ജനങ്ങള്‍ പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെയാണ് ഈ സാംസ്കാരിക മാനബിന്ദുക്കളെ വികസിപ്പിക്കേണ്ടത്. ലാഭക്കൊതിക്കും കച്ചവടക്കണ്ണിനും ഇവിടെ സ്ഥാനമില്ല. പരിസ്ഥിതിയും പൈതൃകവും വികാരവിശ്വാസ സങ്കല്‍പ്പങ്ങളും ഇഴചേര്‍ന്ന് കിടക്കുന്ന ആറന്മുളയേയും ശബരിമലയേയും നശിപ്പിക്കാന്‍ മാത്രമേ വ്യവസായ വികസനപ്രോജക്ടുകള്ക്ക് കഴിയൂ. അതുകൊണ്ട് ആറന്മുള വിമാനത്താവളം, ശബരിമല മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയ പ്രോജക്ടുകളെ എമര്‍ജിംഗ് കേരളയുടെ പരിഗണനാലിസ്റ്റില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: