കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ശേഷിക്കുന്ന അവകാശ ഓഹരി ചെറുകിട ഓഹരി ഉടമകള്‍ക്ക് നല്കുന്നതില് അനുകൂല തീരുമാനമെടുക്കുമെന്ന് കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത് ഏത് രീതിയില്‍ പ്രാവര്‍ത്തികമാക്കാമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്താന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടായിരം ഓഹരികളില്‍ താഴെ കൈവശമുള്ള 15215 പേരാണ് ചെറുകിട ഓഹരി ഉടമകളുടെ ഗണത്തിലുള്ളത്. ഇവരുടെ താല്പര്യങ്ങള് സംരക്ഷിക്കും. വിമാനത്താവളത്തിനായി വീടും സ്ഥലവും വിട്ടുകൊടുത്തവര്‍ക്ക് വിമാനത്താവളക്കമ്പനിയില്‍ തൊഴില്‍ നല്കിയ ശേഷം സ്ഥലം വിട്ടു കൊടുത്തവരെ പരിഗണിക്കും. അര്‍ഹമായ കേസുകളില്‍ അടിയന്തര തീരുമാനമെടുക്കാന്‍ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ സമീപനം സിയാലിനും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആറ് വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച എയര്‍ കേരള പ്രാവര്‍ത്തികമാക്കാന്‍ ഊര്‍ജിതശ്രമം നടത്തും. ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചു കൊണ്ടാണ് എയര്‍ കേരളയ്ക്ക് അന്നത്തെ സര്‍ക്കാര്‍ തുടക്കമിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. വിദേശത്തേക്ക് അഞ്ച് വര്‍ഷത്തെ പറക്കല്‍ പരിചയവും സ്വന്തമായി 20 വിമാനങ്ങളും വേണമെന്നതാണ് കേന്ദ്രനയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന് പറഞ്ഞു. ഇവിടെ നിന്നും ബിസിനസ് ക്ലാസ് യാത്രക്കാരെ ലഭിക്കില്ലെന്നാണ് വിമാനക്കമ്പനികളുടെ പരാതി. ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകളില്‍ ഒരു വര്‍ഷത്തേക്ക് ഇളവ് നല്‍കാമെന്ന വാഗ്ദാനം സിയാല്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് 16 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 13 ശതമാനം വര്‍ധനയോടെ 276 കോടി രൂപയുടെ വരുമാനമാണ് വിമാനത്താവളക്കമ്പനി കൈവരിച്ചത്.
യൂസേഴ്സ് ഫീ പിരിക്കാതെ ഇത്രയും വരുമാനം കൈവരിക്കാനായത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂസേഴ്സ്ഫീ പിരിക്കില്ലെന്നത് കമ്പനിയുടെ നയപരമായ തീരുമാനമാണ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങളോടുള്ള കരുതലാണ് ഈ നിലപാടിന് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള മറ്റ് നിരക്കുകള്‍ പത്ത് ശതമാനത്തോളം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വര്‍ധനയുണ്ട്. 47.20 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയത്. വ്യോമയാന മേഖലയുടെ പ്രതിസന്ധിക്ക് അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പരിഹാരമാകുമെന്നും ഇതോടെ നെടുമ്പാശ്ശേരി വളര്‍ച്ചയുടെ പാതയില്‍ വന്‍ കുതിപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ പ്രതിവര്‍ഷം നൂറ് ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്കാന് കഴിയുന്ന പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ ടെണ്ടര്‍ നടപടിക്ക് ഉടനെ തുടക്കം കുറിക്കും. 110 കെ.വി സബ് സ്റ്റേഷനും ട്രേഡ് ഫെയര്‍, എക്സിബിഷന് കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു. കണ്‍സള്‍ട്ടന്‍സി, അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് എന്ന ഉപസ്ഥാപനത്തിന് രൂപം നല്‍കിയതായും മുഖ്യമന്ത്രി ഓഹരി ഉടമകളെ അറിയിച്ചു.
വിമാനത്താവളത്തിന് ചുറ്റുമുള്ള തുറസായ പ്രദേശങ്ങള്‍ പ്രയോജനപ്പെടുത്തി സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാലുടന്‍ വന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. അപ്രോച്ച് സര്‍വെയ്ലന്‍സ് റഡാര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വിമാനത്താവളത്തിന്റെ കാര്യക്ഷമതയും സുരക്ഷയും കൂടുതല്‍ മെച്ചപ്പെടും. ലാന്‍ഡിങ് സമയം എട്ട് മിനിറ്റില്‍ നിന്ന് മൂന്ന് മിനിറ്റായി കുറയുന്നതോടെ റണ്‍വെ വിനിയോഗവും ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സിയാല്‍ ഏറ്റെടുത്ത കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായത് വന്‍ നേട്ടമാണ്. കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയും സിയാലിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കായുള്ള എം.ആര്.ഒ സംവിധാനം ഉടനെ കമ്മീഷന് ചെയ്യും. സാങ്കേതിക സഹകരണ രംഗത്ത് വൈദഗ്ധ്യമുള്ള പങ്കാളിയെ ഉടനെ കണ്ടെത്തും. സിയാല്‍ ഗോള്‍ഫ് കോഴ്സിന്റെ രണ്ടാം ഘട്ട നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കമ്പനിയുടെ ഡയറക്ടര്‍മാരായി എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു എന്നിവര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിനുള്ള പ്രമേയത്തിന് യോഗം അംഗീകാരം നല്കി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു, മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്, ഡയറക്ടര്‍മാരായ എം.എ. യൂസഫലി, സി.വി. ജേക്കബ്, എന്‍.വി. ജോര്‍ജ്, ഇ.എ. ബാബു എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: