ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഇന്നലെയുണ്ടായ രണ്ടു ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 80 ആയി. 700ലധികം പേര്‍ക്കു പരിക്കേറ്റു. മ്യാന്മാറിന്റെയും വിയറ്റ്നാമിന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുള്ള യുനാൻ, ഗ്വീഷ്മ പ്രവിശ്യകളിലാണ് 5.6, 5.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ച്ചയായ രണ്ട് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ ഏകദേശം 55.1 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ നിന്നു ഒരു ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. യിലാംഗ്, ദാഗുന് കൗണ്ടികളിലും ഷാവോയാംഗ് ജില്ലയിലുമായി ഏഴര ലക്ഷം പേര് ദുരിതത്തിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണും പാറയും ഇടിഞ്ഞുവീണു റോഡുകള്‍ തകര്‍ന്നതിനാല്‍ വിദൂരമേഖലകളിലെ നാശനഷ്ടത്തെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്ന് അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് യുനാന്‍, ഗിഷോ പ്രവിശ്യകളില്‍ ഒരു മണിക്കൂറിന്റെ ഇടവേളയില്‍ ഭൂകമ്പങ്ങളുണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ക്കു കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഭയവിഹ്വലരായ ജനങ്ങള്‍ തെരുവുകളിലേക്ക് ഓടി.
ഏകദേശം 6650 ഓളം വീടുകള്‍ പൂര്‍ണമായും നാലര ലക്ഷത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 153 ഹെക്ടര്‍ കൃഷിഭൂമി പൂര്‍ണമായും നശിച്ചു. ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണമായും തകരാറിലായി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒരു ലക്ഷം പേരെ കൂടി മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: