ന്യൂദല്‍ഹി: വിവാദമായ കല്ക്കരിയിടപാടിന്റെ പേരില്‍ കലുഷിതമായ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. ആരോപണവിധേയനായ പ്രധാനമന്ത്രി മന്മോഹന് രാജിവെക്കണമെന്ന നിലപാടില്‍ മുഖ്യപ്രതിപക്ഷമായ ബിജെപി ഉറച്ചുനിന്നതോടെ 13 ദിവസം നീണ്ട ശീതകാല സമ്മേളനം തുടര്‍ച്ചയായി സ്തംഭിച്ചു.
2009 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും ബഹളമയമായ സമ്മേളനത്തിനാണ് ഇന്നലെ തിരശീല വീണത്. 19 ദിവസത്തെ സമ്മേളനക്കാലത്ത് ആറു ദിവസം മാത്രമാണ് പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. അവശേഷിക്കുന്ന ദിനങ്ങളെല്ലാം കല്ക്കരിയിടപാടില് മുങ്ങുകയായിരുന്നു.
ഇന്നലെയും ഇരുസഭകളും സമ്മേളിച്ചയുടന്‍ ബഹളം തുടങ്ങുകയായിരുന്നു. ആചാരപരമായ സമാപനപ്രസംഗം പോലും നടത്താതെയാണ് സ്പീക്കര്മീരാകുമാര് ലോക്സഭ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചത്. പ്രധാനമന്ത്രിയും ലോക്സഭാ നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെയും സന്നിഹിതരായിരുന്നില്ല.
സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമീപനത്തിനെതിരെ അണിനിരക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റിന് പുറത്ത് ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുക, വിവാദമായ കല്ക്കരിയിടപാടുകള് റദ്ദാക്കുക, സത്യസന്ധമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇന്നലെ പാര്‍ലമെന്റ് വളപ്പില്‍ പ്രകടനം നടത്തി. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതോടെ പ്രതിഷേധപരിപാടികള്‍ തെരുവിലെത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇരുസഭകളിലെയും ബിജെപി, ജനതാദള്‍ (യു), ശിരോമണി അകാലിദള്‍, ശിവസേനാ അംഗങ്ങള്‍ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രകടനം നടത്തി.
എന്‍ഡിഎ വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ എല്‍.കെ. അദ്വാനി, ലോക്സഭ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്, അരുണ്‍ ജെറ്റ്ലി, എന്‍ഡിഎ കണ്‍വീനറും ജനതാദള്‍ (യു) അധ്യക്ഷനുമായ ശരത് യാദവ്, ഹര്‍സിംറത് കൗര്‍ (ശിരോമണി അകാലിദള്‍), അനന്ദ് ഗീയെ (ശിവസേന) തുടങ്ങിയ പ്രമുഖര്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്വാനി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. 2 ജി സ്പെക്ട്രം മുതല്‍ കല്ക്കരിയിടപാടുവരെ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ജനങ്ങള്‍ രോഷാകുലരാണ്. പ്രക്ഷോഭത്തെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുമെന്നും അദ്വാനി അറിയിച്ചു.
പ്രശ്നം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന് ഗാന്ധിപ്രതിമക്ക് മുന്നില്‍ തങ്ങള്‍ പ്രതിജ്ഞയെടുത്തതായി ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: