കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകരായ സച്ചിന് ഗോപാല്‍, വിശാല്‍കുമാര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താലിബാന്-അല്‍ഖ്വയ്ദ എന്നിവയുടെ കേരള പതിപ്പായ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണം. പോപ്പ്. ഫ്രണ്ട് മതഭീകരസംഘടനയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വ്യക്തമാണ്. പോപ്പ്. ഫ്രണ്ട് വിദേശസഹായം പറ്റുന്ന ഭീകരസംഘടനയാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മതകലാപങ്ങളുണ്ടാക്കാന് 27 ഓളം കൊലപാതകങ്ങള്‍ പോപ്പ്.ഫ്രണ്ട് നടത്തിയിട്ടുണ്ടെന്നും സിമിയുടെ പുതിയ രൂപമാണ് സംഘടനയെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പോപ്പ്. ഫ്രണ്ടിനെ നിരോധിക്കാന്‍ തയ്യാറാകാത്തതെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പോപ്പ്. ഫ്രണ്ട് നേതാക്കള്‍ക്ക് ഒരുവിഭാഗം ലീഗ് നേതാക്കളുമായി ബന്ധമുണ്ട്. ലീഗിന് സര്‍ക്കാരിലുള്ള സ്വാധീനമാണ് നിരോധിക്കാത്തതിന് കാരണം. പോപ്പ്. ഫ്രണ്ടിന്റെ അക്രമത്തിനും അഴിഞ്ഞാട്ടത്തിനും ആഭ്യന്തരവകുപ്പ് സഹായം നല്‍കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് നിഷ്ക്രിയമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സച്ചിന് ഗോപാലിന്റെയും വിശാല്‍കുമാറിന്റെയും കൊലപാതകങ്ങള്‍ ആസൂത്രിതവും സമാനസ്വഭാവമുള്ളതുമാണ്. ശരീരത്തിനകത്തുള്ള അവയവങ്ങളെ കീറിമുറിക്കുന്ന ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയിട്ടുള്ളത്. വിദഗ്ധ പരിശീലനം ലഭിച്ച കൊലയാളിക്ക് മാത്രമേ ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും കൃഷ്ണദാസ് ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സും വിദേശബന്ധവും ഗൂഢാലോചനയും അന്വേഷിക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിഷ്ക്രിയമാണ്. കേരളത്തിലെ എല്ലാ മേഖലകളിലും ഭീകരവാദികള്‍ക്ക് ബന്ധമുണ്ട്. ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എസ്ഐ ബിജു സലീമിന്റെ അറസ്റ്റ് ഇതാണ് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും ക്യാമ്പസ് ഫ്രണ്ട് പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. പാക് അനുകൂലികളെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മതഭീകരവാദികള്‍ക്ക് സമാന്തര സമ്പദ്വ്യവസ്ഥയും സമാന്തര നിയമവ്യവസ്ഥയുമുണ്ട്. മത കോടതികളുടെ തീരുമാനപ്രകാരമാണ് കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
കേരളത്തില്‍ നാല് തീവ്രവാദ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ ചില പത്രങ്ങളും നടത്തുന്നുണ്ട്. മാറാട് കലാപത്തില്‍ നേരത്തെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സിപിഎമ്മും ലീഗും കോണ്‍ഗ്രസും ഇപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: