തൃശൂര്‍: മരണം വായ് തുറന്ന് ഒരു രാത്രി മുഴുവന്‍ കട്ടിലില്‍. ഇതൊന്നുമറിയാതെ അച്ഛനും അമ്മയും പത്തുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമടക്കം അഞ്ചുപേര്‍ തൊട്ടടുത്ത കട്ടിലില്‍ സുഖനിദ്ര. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തങ്ങള്‍ക്കരികില്‍ നീണ്ടുനിവര്‍ന്ന് കൂറ്റന്‍ മലമ്പാമ്പ്. കരയാന്‍ പോലും കഴിയാതെ പതിയെ കട്ടിലില്‍ നിന്നിറങ്ങി കുട്ടികളെ മാറോടണച്ച് പുറത്തിറങ്ങിയപ്പോഴാണ് ശ്വാസം വീണതും ശബ്ദം തിരിച്ചുകിട്ടിയതും. പട്ടിക്കാട് വഴുക്കുംപാറയിലാണ് നടുക്കുന്നതും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്.
മൂന്ന് കട്ടിലുകള്‍ ചേര്‍ത്തിട്ട് ഉറങ്ങിയ ജോബിക്കും ഭാര്യയ്ക്കും പത്ത് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളടക്കമുള്ള മൂന്ന് കുട്ടികള്‍ക്കുമിടയില്‍ നിന്ന് ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. തങ്ങള്‍ തലവെച്ചു കിടന്നുറങ്ങിയ തലയിണകള്ക്കപ്പുറത്ത് ഇരകാത്ത് മലമ്പാമ്പുണ്ടായിരുന്നത് അറിഞ്ഞതേയില്ല. ബുധനാഴ്ച എപ്പോഴോ മലമ്പാമ്പ് കട്ടിലില്‍ കയറി തലയിണക്കടിയില്‍ സ്ഥലം പിടിക്കുകയായിരുന്നു. ജോബിയുടെ ഭാര്യ ലിനി, മക്കളായ നാലുവയസുകാരി ജിസ്ന, എട്ടുമാസം പ്രായമായ ജിസ്നി, ജിസിന് എന്നിവരാണ് മുറിക്കുള്ളില്‍ ഉണ്ടായിരുന്നത്.
ചുമരിനോട് ചേര്‍ത്തിട്ട കട്ടിലിലെ തലയിണയോട് ചേര്‍ന്നാണ് ഒമ്പതരയടി നീളമുള്ള മലമ്പാമ്പ് നീണ്ട് നിവര്‍ന്നും തലഭാഗം ചുരുണ്ടും കിടന്നിരുന്നത്. അസ്വാഭാവികമായി വ്യാഴാഴ്ചരാത്രി ഒന്നും തന്നെ അനുഭവപ്പെട്ടില്ലെന്ന് ജോബി പറയുന്നു. ഇന്നലെ പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് തങ്ങള്‍ കിടന്നതിന്റെ തൊട്ടപ്പുറത്ത് കൂറ്റന്‍ മലമ്പാമ്പ് കിടക്കുന്നത് ഇവര്‍ കണ്ടത്. ആദ്യം തന്റെ പിഞ്ചുമക്കളെ നോക്കിയപ്പോള്‍ അവര്‍ ഒന്നുമറിയാതെ കിടക്കുന്നു.
അലറിനിലവിളിക്കാന്‍ തോന്നിയെങ്കിലും മലമ്പാമ്പ് ആക്രമിക്കുമോ എന്ന ഭയത്താല്‍ ഇവര്‍ ശബ്ദമുണ്ടാക്കാതെ മക്കളെ ആദ്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കട്ടിലില്‍ കിടന്നിരുന്ന മലമ്പാമ്പും മയക്കത്തിലായിരുന്നു. അതുകൊണ്ട് മാത്രമാണ് ജോബിയും കുടുംബവും വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കുട്ടികളെ സുരക്ഷിതമാക്കിയ ശേഷം അയല്‍വാസികളേയും മറ്റും വിളിച്ചുകൂട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി വനത്തിലേക്ക് കൊണ്ടുപോയി വിട്ടു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് താനും ഭാര്യയും മൂന്നുകുട്ടികളും കട്ടിലില്‍ ഉറങ്ങാന്‍ കിടന്നതെന്ന് ജോബി ഓര്‍ക്കുന്നു. ഇന്നലെ രാവിലെ എഴുന്നേറ്റപ്പോഴാണ് താനും കുടുംബവും ഒരു രാത്രികിടന്നത് മരണത്തിന്റെ ഒപ്പമാണെന്ന നടുക്കുന്ന കാഴ്ചകണ്ടതെന്നും ജോബി പേടിയോടെ ഓര്‍ക്കുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ജോബിയുടെ വീട്ടിലെത്തിയത്.
വനമേഖലയോട് ചേര്‍ന്നുളള വഴുക്കുംപാറ മേഖലയില്‍ മലമ്പാമ്പുണ്ട്. എന്നാല്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ ഒമ്പതരയടി നീളമുള്ള മലമ്പാമ്പ് എങ്ങിനെ വീട്ടിനകത്ത് കയറി കട്ടിലില്‍ തലയിണക്കടിയിലേക്ക് നുഴഞ്ഞു കയറി എന്നത് അത്ഭുതകരമാണ്. ബുധനാഴ്ച രാത്രി തങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ, ക്ഷണിക്കാത്ത അതിഥിയെക്കുറിച്ചോര്ക്കുമ്പോള് ജോബിയുടെ ഭാര്യ വിറയ്ക്കുകയാണ്. ഇപ്പോള്‍ ഉറങ്ങാനേ തോന്നാത്ത അവസ്ഥയാണിവര്‍ക്ക്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: