ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനംഇന്ന് സമാപിക്കാനിരിക്കെ 12-ാം ദിവസമായ ഇന്നലെയും കല്‍ക്കരി കുംഭകോണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭാനടപടികള്‍ സ്തംഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാന പ്രതിപക്ഷമായ ബിജെപി കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ച കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികളായ ഡിഎംകെ, എഐഎഡിഎംകെ, വിസികെ, സിപിഎം എന്നിവയും ശ്രീലങ്കന്‍ പ്രശ്നം ഉന്നയിച്ച് ബഹളം ആരംഭിച്ചതോടെ ലോക്സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
ഉച്ചക്കുശേഷം വീണ്ടും സഭാ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് എംപിമാരും രംഗത്തെത്തി.
ശ്രീലങ്കന്‍ സേനാവിഭാഗത്തിന് ഇന്ത്യയില്‍ പരിശീലനം നല്‍കരുതെന്ന് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീലങ്കന്‍ പ്രസിഡനൃ മഹിന്ദ രാജപക്സെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ എഐഎഡിഎംകെ, വിസികെ നേതാക്കള്‍ ശബ്ദമുയര്‍ത്തി. ഭവന, ദാരിദ്ര്യ നിര്മാര്ജനവകുപ്പുമന്ത്രി കുമാരി സെല്‍ജ തെരുവുകച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ അവതരിപ്പിക്കാനായി എത്തിയെങ്കിലും ശബ്ദകോലാഹലമായതിനാല് പൂര്‍ത്തിയാകാനാകാതെ സഭ പിരിയുകയാണുണ്ടായത്.
രാജ്യസഭയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. ഉച്ചക്ക് സഭ വീണ്ടും സമ്മേളിച്ചതോടെ സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ സഭയില്‍ ബഹളംവെച്ചു. പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ രാജ്യസഭയിലും ഉന്നയിച്ചു. ശ്രീലങ്കന്‍ നാവികസേനയില്‍നിന്നും തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ തുടര്‍ച്ചയായി ആക്രമണം നേരിടുന്ന സംഭവത്തിലേക്ക് എഐഎഡിഎംകെ നേതാവ് വി. മൈത്രേയന് സഭയുടെ ശ്രദ്ധ ക്ഷണിച്ചു.
വിവാദമായ കല്ക്കരിയിടപാടുകള്ക്കെല്ലാം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അംഗീകാരം ഉണ്ടായിരുന്നതായി ബിജെപി വ്യക്തമാക്കി. കല്ക്കരിയിടപാടുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരുതരത്തിലുള്ള അഴിമതിയും ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ കോണ്‍ഗ്രസ് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സിഎജിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് പിന്നീട് ശ്രമിച്ചത്. ഇതിലും പരാജയപ്പെട്ടതോടെ പലവിധ തന്ത്രങ്ങളുമായി അവര്‍ രംഗത്തിറങ്ങിയിരിക്കയാണെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.
കല്‍ക്കരി വകുപ്പ് മന്ത്രിയായിരിക്കെ എല്ലാ ഇടപാടുകളും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അംഗീകാരത്തോടെയാണ് നടന്നിരിക്കുന്നത്. തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രങ്ങള്‍ വ്യക്തമാണെന്നും ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: