കണ്ണൂര്‍: പള്ളിക്കുന്ന് സ്കൂളിന് മുന്നില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ കൊല്ലപ്പെട്ട സച്ചിന് ഗോപാല്‍ കേരളത്തിലെ കലാലയങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഇരയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.അനീഷ് കുമാര്‍ പറഞ്ഞു. ഒരു മാസത്തിനിടയില്‍ കേരളത്തിലെ രണ്ട് ജില്ലകളിലായി നാല് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുകയും അതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാരാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണെന്നും അനീഷ് കുറ്റപ്പെടുത്തി.
കേരളത്തിലെ കലാലയങ്ങളില്‍ ആസൂത്രിതമായി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അധ്യാപകന്റെ കൈ വെട്ടിയ സംഘടന, ചെങ്ങന്നൂരിലും പള്ളിക്കുന്നും രണ്ട് വിദ്യാര്‍ത്ഥികളെ കൊന്നു തള്ളിയ സംഘടന, ആസാമില്‍ വര്‍ഗീയ കലാപം അഴിച്ചു വിടുകയും ആ വിഷം എസ്എംഎസ്സിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഘടന-ഇങ്ങനെയൊക്കെ രാജ്യസുരക്ഷക്ക് വെല്ലുവിളിയുയര്‍ത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അപമാനകരവും രാജ്യദ്രോഹപരവുമാണ്. പള്ളിക്കുന്ന് സച്ചിന്റെയും ചെങ്ങന്നൂര്‍ വിശാലിന്റെയും കൊലപാതകം തികച്ചും ആസൂത്രിതവും പ്രത്യേകം തയ്യാറാക്കിയ ആയുധം കൊണ്ട് പരിശീലനം സിദ്ധിച്ച ആളുകള്‍ നടത്തിയതാണെന്നും ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് സച്ചിനെയും വിശാലിനെയും ആക്രമിച്ചത്. രണ്ട് അക്രമങ്ങളും സമാനമായ രീതിയിലാണ്.
കേരളത്തിലെ കലാലയങ്ങളില്‍ നിന്നും ഭീകരവാദ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കുകയും ഇവരുടെ പങ്ക് വ്യക്തമായ സച്ചിന്, വിശാല്‍ വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് കേസുകള്‍ എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: