കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള രണ്ടാം മാറാട് പ്രക്ഷോഭം കൊല്ലിച്ചതാരാണെന്നുകണ്ടെത്താനുള്ള നിര്ണ്ണായകസമരമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കോഴിക്കോട് നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൂട്ടക്കൊലക്കേസിലെ ഒന്നുംരണ്ടും മൂന്നും പ്രതികളെ ഇന്നും നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. കൊലചെയ്തവരല്ല കൊലനടത്താന്‍ ഗൂഢാലോചന നടത്തിയവരാണ് മുഖ്യപ്രതികള്‍. ആരെയെങ്കിലും പിടികൂടി ഗൂഢാലോചന നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. നേരത്തെ എതിര്‍ത്തവര്‍ അടക്കം ഇന്ന് സിബിഐ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടുകയാണ്. എന്നാല്‍ സിബിഐ അന്വേഷണം നടത്തുന്നതിനുള്ള തടസ്സം നീങ്ങുന്നില്ല. തടസ്സം എന്താണെന്ന് മുസ്ലീംലീഗ് നേതാക്കള്‍ വ്യക്തമാക്കണം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കേന്ദ്രമന്ത്രി ഇ. അഹമ്മദിനും ഇതില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്. നീതിലഭിക്കുമെന്ന് ഹിന്ദുസമൂഹത്തിന് ഉറപ്പ് നല്കിയവരാണിവര്.
സിബിഐ അന്വേഷണത്തിനുള്ള നിയമതടസം ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്. ഹൈക്കോടതിയുടെയും ജുഡീഷ്യല്‍ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ ഇതിനനുകൂലമാണ്. വമ്പന്‍സ്രാവുകള്‍ കുടുങ്ങുമെന്ന ഭീതിയില്‍ സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ അവസാന ശ്വാസംവരെ നല്കി എതിര്‍ക്കാന്‍ ഹിന്ദുസമൂഹം തയ്യാറാവണം. അധഃസ്ഥിത പിന്നാക്ക ജനതയെ വഞ്ചിക്കുന്ന നിലപാടിന്നെതിരായ യുദ്ധത്തില്‍ വിജയിച്ചേപറ്റൂ. മനുഷ്യാവകാശത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. പണക്കൊഴുപ്പിന്റെ ധാര്ഷ്ഠ്യത്തിന് മുന്നില്‍ കേരളത്തെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നതിനെതിരായ പോരാട്ടംകൂടിയാണിത് അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സപ്തംബര്‍ 17ന് ബഹുജനധര്‍ണ്ണ നടത്തും. ബഹുജനധര്ണ്ണയില് വിവിധ സാമുദായിക നേതാക്കള്‍ മാറാട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സമരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടക്കും. മാറാട് പ്രക്ഷോഭ പരമ്പരയില്ഏറ്റവും വലിയ ബഹുജനപ്രാതിനിധ്യമുള്ള സമരമായിരിക്കും ഒക്ടോബര്‍ പത്തിന് നടക്കുന്ന ബഹുജനമാര്ച്ചെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തെ സഹായിക്കാന്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ ചെയര്‍മാനും പി.ജിജേന്ദ്രന്‍ ജനറല്‍കണ്‍വീനറുമായ സമരസഹായസമിതി രൂപീകരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സമരസഹായസമിതിയില് അംഗങ്ങളായിരിക്കും.
അധര്‍മ്മത്തിനെതിരായ യുദ്ധം ആസുരിക ശക്തികള്‍ക്കെതിരായ പോരാട്ടമാണെന്നും അത് ഏതെങ്കിലും മതവിഭാഗത്തിനെതിരല്ലെന്നും കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു. മാറാട് നടന്നത് കലാപമല്ല ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു. മുന്നില്‍ നിന്ന് വെട്ടിയവരെ മാത്രമല്ല പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍കൊണ്ടുവരണം. ധര്‍മ്മത്തെ നിലനിര്‍ത്താനുള്ള സമരത്തില്‍ അധര്‍മ്മത്തിന്റെ സ്രോതസുകളെ ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് സമൂഹത്തിന്റെ ഇച്ഛാശക്തിയുണ്ടാകണം, അവര്‍ പറഞ്ഞു. മാറാട് സിബിഐ അന്വേഷണകാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. നിലപാടില്ലാത്ത കോണ്‍ഗ്രസിന്റെ നയരാഹിത്യമാണ് കേരളത്തിന്റെ ഇന്നത്തെ ശാപം. ഭൂരിപക്ഷ സമുദായത്തിന്നെതിരായ നിലപാടാണ് യുഡിഎഫ് എടുക്കുന്നത്, മുരളീധരന് പറഞ്ഞു.
മാറാട് അരയസമാജം പ്രസിഡന്റ് ടി.പ്രകാശ് അധ്യക്ഷതവഹിച്ചു. കേരള പുലയര്‍ മഹാസഭ സംസ്ഥാന സംഘടനാസെക്രട്ടറി തുറവൂര്സുരേഷ്, ഹിന്ദുഐക്യവേദി സഹസംഘടനാസെക്രട്ടറി എം.രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, തഴവ സഹദേവന് (അഖിലകേരള പാണന്സമാജം), കെ.എസ്. അരുണ്‍ദാസ്(അരയസമാജം ഏകോപനസമിതി), കെ.എം. പരമേശ്വരന്(യോഗക്ഷേമസഭ), പുഞ്ചക്കാരി സുരേന്ദ്രന്(അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്), അഡ്വ. വി. പദ്മനാഭന്(ധീവരസഭ), സ്വാമി അയ്യപ്പദാസ്, ടി.യു. മോഹനന്(ക്ഷേത്രസംരക്ഷണസമിതി), ബി.ആര് ബാലരാമന്, എം.സി. വത്സന്(വി.എച്ച്.പി), ധര്മ്മജാഗരണന് പ്രമുഖ് വി.കെ. വിശ്വനാഥന്, സുധീര്‍ നമ്പീശന്(പുഷ്കസേവാസംഘം), ടി.എം.നാരായണന്(വനവാസി വികാസകേന്ദ്രം), എന്‍.പി. രാധാകൃഷ്ണന്, കെ.രജനീഷ്ബാബു(മത്സ്യപ്രവര്‍ത്തകസംഘം), ഇ.എസ്. ബിജു, കെ.പി ഹരിദാസന് (ഹിന്ദുഐക്യവേദി) തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. എന്‍.പി. രാധാകൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. പി.ജിജേന്ദ്രന്‍ സ്വാഗതവും ശശി കമ്മട്ടേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: