കണ്ണൂര്‍: ക്യാമ്പസ് ഫ്രണ്ട് അക്രമത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എബിവിപി കണ്ണൂര്‍ നഗര്‍സമിതി അംഗം സച്ചിന് ഗോപാല്‍ (21) ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. കഴിഞ്ഞ ജൂലൈ 6ന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട്-പോപ്പ്. ഫ്രണ്ട് അക്രമിസംഘം സച്ചിനെ മൃഗീയമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും മറ്റും ആഴത്തില്‍ മുറിവേറ്റ സച്ചിനെ എകെജി ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം കെഎംസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കൊറ്റാളി മാണിക്യം ഹൗസില്‍ ഓട്ടോ ഡ്രൈവറായ ഗോപാലന്റെയും ബേബിയുടെയും മകനാണ്. കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു. സബിന്‍ ഏകസഹോദരനാണ്.
സച്ചിനെ അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. എന്നാല്‍ കേസന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളും സച്ചിന്റെ പിതാവ് ഗോപാലനും ആഭ്യന്തരമന്ത്രിക്കടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കേസന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്. എബിവിപിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജൂലൈ 6ന് പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്തെത്തിയ സച്ചിന് ഗോപാലിനെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ക്യാമ്പസ് ഫ്രണ്ട്-പോപ്പ്. ഫ്രണ്ട് അക്രമി സംഘം ക്രൂരമായി അക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: