തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ വിവാദപദ്ധതികള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വെബ്സൈറ്റിലുള്ള പദ്ധതികള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എമര്‍ജിങ് കേരളയില്‍ അപ്രായോഗികമായ പല പദ്ധതികളും ഉള്‍പ്പെട്ടിട്ടുണ്ട്. അപ്രായോഗികമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ഉടന്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എമര്‍ജിങ് കേരള ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാണ്. അതുകൊണ്ട് തന്നെ എമര്‍ജിങ് കേരളയില്‍ ധാരണാപത്രം ഒപ്പിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നടത്തും. എമര്‍ജിങ് കേരളയില്‍ നിര്‍ദേശം വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് നിക്ഷേപ അനുമതി ബോര്‍ഡ് രൂപവല്‍ക്കരിക്കും. 12, 13 തീയതികളില്‍ എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ 13 ന് വൈകിട്ട് കൊച്ചിയില്‍ ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11നും മന്ത്രിസഭായോഗം കൊച്ചിയില്‍ ചേരും.കേരളത്തിന്റെ ഒരു തുണ്ട് ഭൂമി പോലും വില്‍ക്കില്ല. പക്ഷേ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഗുണം ചെയ്യുന്ന ചില പദ്ധതികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എമര്‍ജിങ് കേരള വെബ്സൈറ്റില്‍ പദ്ധതി നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ അറിയട്ടെ എന്ന് കണ്ടാണ്. നിര്‍ദേശങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുകയോ പഠനം നടത്തുകയോ ചെയ്യാതെയാണ് വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: