കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ നാലുമാസത്തിന് ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട ആര്‍എംപി നേതാക്കളുടെ നിലപാട് കേസില്‍ സിപിഎമ്മും യുഡിഎഫും ധാരണയായിട്ടുണ്ടെന്ന് ആരോപണത്തെ ശക്തിപ്പെടുത്തുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ ആവശ്യത്തിലൂടെ ആര്‍എംപി ലക്ഷ്യമിടുന്നത് ഉന്നത സിപിഎം നേതാക്കളെയും. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കേസന്വേഷണം ശരിയായ ദിശയിലാണെന്നും തുടക്കം മുതല്‍ക്ക് നിലപാടെടുത്തിരുന്ന ആര്‍എംപിയുടെ പെട്ടെന്നുള്ള നിലപാട് മാറ്റം സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന സൂചനയുമാണ്. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും ആര്‍എംപി നേതാക്കള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ടി.പി. വധത്തില്‍ പോലീസ് അന്വേഷണം തുടക്കത്തില്‍ പ്രശംസനീയമായ നിലയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.രാഗേഷ്, ജില്ലാകമ്മിറ്റി അംഗം പി. മോഹനന്, നിരവധി ഏരിയാകമ്മിറ്റി നേതാക്കളടക്കമുള്ളവര്‍ പ്രതിസ്ഥാനത്തെത്തി. സിപിഎം നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 77 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ കുറ്റപത്രസമര്‍പ്പണത്തിന് ശേഷം സിപിഎം അന്വേഷണോദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അന്വേഷണം മന്ദഗതിയിലായതും പതിവായതോടെ അന്വേഷണം ഉന്നതനേതാക്കളിലെത്തില്ലെന്ന് സംശയിക്കപ്പെട്ടു. സിപിഎം സംഘടനാ സംവിധാനത്തെപ്പോലും അട്ടിമറിച്ചാണ് രണ്ട് ജില്ലകളിലെഏരിയാകമ്മിറ്റികളില് ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടന്നത്. ഇത്തന്നെ സംസ്ഥാന നേതാക്കളുടെ വ്യക്തമായ നിര്‍ദ്ദേശപ്രകാരമാണ് കൊലനടന്നതെന്ന സംശയം ബലപ്പെടുത്തുന്നു.
ആര്‍എംപി നേതാക്കളും ടിപിയുടെ ഭാര്യ രമയും തുടക്കം മുതല്‍ക്കെ തന്നെ ഇത് ചൂണ്ടിക്കാട്ടിയതുമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ ആര്‍എംപി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. തുടക്കത്തില്‍ ആര്‍എംപി ഉദ്ദേശിച്ച രീതിയില്‍ നീങ്ങിയ കേസന്വേഷണം കുറ്റപത്രം സമര്‍പ്പിച്ചതോടെ വേഗതകുറയുകയായിരുന്നു. ഗൂഢാലോചനയെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് മരവിക്കപ്പെട്ടഅവസ്ഥയിലുമായി. 2009ല്‍ ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിട്ടില്ല.
കൊലയാളിസംഘം സഞ്ചരിച്ച ജീപ്പ്പ് കണ്ട്കിട്ടാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചത്. ഇതുവരെ പിടിയിലായ പ്രതികളില്‍ ചിലര്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനെകുറിച്ച് വിവരം നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇത് അന്വേഷണം സിപിഎം നേതാക്കളിലെത്തില്ലെന്ന സൂചനയാണ് ആര്‍എംപി കാണുന്നതും. അന്വേഷണ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിപിഎം നടപടി അന്വേഷണം അട്ടമറിക്കുമെന്നും ആര്‍എംപി ഭയക്കുന്നു. കേസിലെ പ്രതിയായ പി.മോഹനന്റെ ഭാര്യയായ കെ.കെ. ലതിക എംഎല്‍എ വിവരാവകാശനിയമപ്രകാരം അന്വേഷണസംഘാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചതും ആര്‍എംപി ചൂണ്ടിക്കാട്ടുന്നു. കൊല്ലിച്ചവരിലെ പ്രധാനികള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് പുറത്താക്കണമെന്നും നേതാക്കള്‍ കരുതുന്നതും ഇതുകൊണ്ട്തന്നെ, യുഡിഎഫ് നേതാക്കളും സിപിഎം നേതൃത്വവും ടിപി വധക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്താതിരിക്കാന്‍ ധാരണയായിട്ടുണ്ടെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ആര്‍എംപിയുടെ പുതിയ ആവശ്യം.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: