ചെന്നൈ: കഴിഞ്ഞദിവസം ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി ജയലളിതയാണെന്ന് ഡിഎംകെ നേതാവ് കരുണാനിധി. ശ്രീലങ്കയില്‍ നിന്നുള്ള ഫുടബോള്‍ താരങ്ങളെ തിരിച്ചയച്ചതാണ് ഇത്തരമൊരു സംഭവത്തിന് വഴിതെളിച്ചതെന്നും കരുണാനിധി കുറ്റപ്പെടുത്തി.
ജയലളിത ശ്രീലങ്കയിലെ തമിഴരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കരുണാനിധി ആരോപിച്ചു. കലാ-കായിക മത്സരങ്ങളെ രാഷ്ട്രീയവുമായി കൂട്ടിയിണക്കരുതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനത്തിനും കലാകായികമേളക്കും എത്തുന്നവരെ ആക്രമിക്കുന്ന നടപടി തമിഴ് ജനത അംഗീകരിക്കരുത്. മറിച്ച് ശ്രീലങ്കയുടെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ക്കേണ്ടത്. ഇത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും കരുണാനിധി പറഞ്ഞു.
ശ്രീലങ്കന്‍ പൗരന്മാര്ക്ക് നേരെയുള്ള അക്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമ തകരാന്‍ കാരണമാകുമെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് തമിഴര്‍ ശ്രീലങ്കയില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നു. ശ്രീലങ്കന്‍ പൗരന്മാര്ക്ക്നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ലങ്കയിലെ തമിഴരുടെ അവസ്ഥ കൂടുതല്‍ ദുസ്സഹമാക്കുമെന്നും കരുണാനിധി കുറ്റപ്പെടുത്തി.
ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ നല്‍കിയിരുന്നു. വിനോദ സഞ്ചാരം, തീര്‍ത്ഥാടനം, സ്പോര്‍ട്സ് തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്താനാഗ്രഹിക്കുന്ന പൗരന്മാര് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിലക്കിയത്.
ശ്രീലങ്കയില്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഊട്ടിയില്‍ പരിശീലനം നല്‍കുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തെ സമീപിച്ചിരുന്നു. കൂടാതെ തഞ്ചാവൂരില്‍ കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ തീര്‍ത്ഥാടകരെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടക സംഘം യാത്ര റദ്ദാക്കി ശ്രീലങ്കയിലേക്ക് മടങ്ങി.
ചെന്നൈയില്‍ പരിശീലനം നടത്തുന്ന ശ്രീലങ്കന്‍ ഫുട്ബോള്‍ ടീമിലെ രണ്ട് പേരോട് മടങ്ങിപ്പോകാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ പൗരന്മാര് സംസ്ഥാനത്ത് തങ്ങുന്നത് തമിഴരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കാട്ടി ജയലളിത കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ ഉലയ്ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ സംഭവങ്ങളെ തുടര്‍ന്ന് സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: