ചെന്നൈ: നടനകലയിലെ ആചാര്യന് ഗുരു ഗോപാലകൃഷ്ണന് (86) നിര്യാതനായി. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലെ നൃത്തരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഗോപാലകൃഷ്ണന്. കൊടുങ്ങല്ലൂര്‍ നന്ത്യേലത്ത് കുടുംബാംഗമാണ്. ഭാര്യപ്രശസ്ത നര്‍ത്തകി കുസുമം. വിനോദ്, അപ്സര എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ശ്രീലത, രാംഗോപന്. സംസ്കാരം ചെന്നൈയില്‍ നടന്നു.
പ്രശസ്ത നര്ത്തകന് ഗുരു ഗോപിനാഥിന്റെ ശിഷ്യനാണ് ഗോപാലകൃഷ്ണന്. ഗുരുഗോപിനാഥ് രൂപം നല്കിയ കേരളനടനം എന്ന നൃത്തരൂപത്തെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി കൂടിയാണ് ഗുരു ഗോപാലകൃഷ്ണന്. പ്രസിദ്ധമായ ജെമിനി സ്റ്റുഡിയോയിലെ സ്ഥിരം നര്ത്തകരിലൊരാളായിരുന്നു അദ്ദേഹം.
മദിരാശി ചിന്മയ മിഷന് പുരസ്കാരം(1992), കേരള സംഗീത നാടക അക്കാദമി പുരസ്കാരം(1999), നീലക്കുയില്‍ സിനിമയുടെ അമ്പതാം വാര്‍ഷികത്തില്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കായി നല്കിയ പ്രത്യേക പുരസ്കാരവും (2004), കലാകാര സംഘടനയായ കലാദര്‍പ്പണത്തിന്റെ കേരള നടന നൃത്തശൈലിക്ക് സമഗ്ര സംഭാവന നല്കിയതിനുള്ള നാട്യകുല ശ്രേഷ്ഠ അവാര്‍ഡ് (2006), കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(2011) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ചന്ദ്രലേഖ, ഔവ്വയാര്‍, അപൂര്‍വ്വസഹോദരങ്ങള്‍ തുടങ്ങിയ സിനിമകളിലും മായാബസാര്‍, ഒന്‍ട്രി കുലം, തെലുങ്ക് ചിത്രമായ സീതാരാമകല്യാണം, കന്നട ചിത്രമായ ശ്രീശൈല മാഹാത്മ്യം, മലയാളത്തിലെ പ്രസിദ്ധ സിനിമകളായ ജീവിതനൗക, അമ്മ, നീലക്കുയില്‍, മുടിയനായ പുത്രന്, ലൈലാമജ്നു, ഡോക്ടര്‍, പരീക്ഷ തുടങ്ങിയ സിനിമകളിലും ഹിന്ദി, സിംഹള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ സാംസ്കാരിക സംഘത്തിലെ പ്രധാന നര്‍ത്തകനായി 1953ല്‍ ചൈന സന്ദര്‍ശനം നടത്തി. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് തീന്‍മൂര്‍ത്തി ഭവനില്‍ ഭഗവത്ഗീത നൃത്തനാടകം ഗുരു ഗോപിനാഥിനൊപ്പം അവതരിപ്പിച്ചു. കെ.പി.എസി.യുടെ അശ്വമേധം, ശരശയ്യ തുടങ്ങിയ നാടകങ്ങളുടെ നൃത്തസംവിധായകനായിരുന്നു. ജീവിതരേഖയാണ് ആത്മകഥ.
തിരുവനന്തപുരം ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ജയിംസ് സണ്ണി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: