തിരുവനന്തപുരം: എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാം പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടില്ല. എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പരിശോധന കൂടാതെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ജനങ്ങളുടെ അഭിപ്രായം അറിയാനാണ് അങ്ങനെ ചെയ്തത്. പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ പുനഃപരിശോധനകള്‍ക്ക് ശേഷമേ ഇനി പദ്ധതികളെക്കുറിച്ച് വെബ്സൈറ്റില്‍ വിവരം നല്‍കൂ. വിവാദ പദ്ധതികള്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യും. സര്‍ക്കാര്‍ ഭൂമി പദ്ധതിക്കായി വില്‍ക്കില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായ പദ്ധതികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രായോഗികമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: