ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഈയാഴ്ച അവസാനം വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരെയും കൂട്ടാനാണ് നീക്കം. ഈ മാസം ആദ്യം തന്നെ പെട്രോള്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ തീരുമാനം തത്ക്കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഡീസലിന് ലിറ്ററിന് 19 രൂപയുടെ നഷ്ടത്തിലാണ് വിപണനം നടക്കുന്നതെന്നും ഡീസല്‍ വില ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ണെണ്ണ ലിറ്ററിന് 34.34 രൂപയും പാചകവാതകം സിലിണ്ടറിന് 347 രൂപയും നഷ്ടത്തിലാണ് വിപണനം നടക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഉത്പാദന മൂല്യം 28 ശതമാനത്തോളം കുതിച്ചുയര്‍ന്നിട്ടും കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. എണ്ണക്കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 60 ശതമാനവും ഡീസല്‍ വില്‍പ്പനയിലൂടെയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ എണ്ണക്കമ്പനികള്‍ ഭീമമായ നഷ്ടത്തിലേക്ക് പതിക്കുമെന്നുമാണ് കമ്പനിമേധാവികളുടെ വിലയിരുത്തല്‍. ഡീസല്‍ വില കൂട്ടിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമ്പത്തികരംഗത്തും പ്രതിഫലിക്കുമെന്ന് കേന്ദ്രധനകാര്യമന്ത്രാലയവും വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടുന്നതും കുറയുന്നതുമനുസരിച്ച് ഈ വര്‍ഷം നാല് തവണ എണ്ണക്കമ്പനികള്‍ പെട്രോള്‍വിലയില്‍ മാറ്റം വരുത്തിയിരുന്നു.
ഇന്ധന സബ്സിഡി നല്കാന് ഫണ്ടില്ലാത്തതിനാല്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് കേന്ദ്രധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിലവര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗം സര്‍ക്കാരിന് മുന്നിലില്ലെന്നും ഇക്കാര്യത്തില്‍ മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് കേന്ദ്രപെട്രോളിയം മന്ത്രാലയത്തിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചത്. ഡീസലിന്റയും പാചകവാതകത്തിന്റെയും വില്‍പ്പനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 560 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്നും സര്‍ക്കാരുകള്‍ മാറിമാറി വന്നാലും എണ്ണക്കമ്പനികള്‍ സുഗമമായി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും എണ്ണമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച തന്നെ പെട്രോള്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനാല്‍ വന്‍നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്രപെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ബാരലിന് 115 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില. പെട്രോളിന്റെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം വിലയില്‍ അടിക്കടി വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇന്ധനവിലവര്‍ദ്ധനക്കെതിരെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധനവ് എന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും വിലവര്‍ദ്ധനവില്‍ പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: