തിരുവനന്തപുരം: എമര്‍ജിങ് കേരളയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി നാളെ യോഗം ചേരും. വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും പങ്കെടുക്കും. പരിപാടിയെക്കുറിച്ച് ശക്തമായ വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണിത്.
എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കച്ചവടത്തിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. യുഡിഎഫിലെ ഹരിതവാദികളായ എംഎല്‍എമാരും വി.എം.സുധീരനെപ്പോലുള്ള നേതാക്കളും എമര്‍ജിങ് കേരള പരിപാടിയിലെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ഏകോപന സമിതിയോഗം ചേരുന്നത്. പരിപാടിയെ മുസ്ലീംലീഗ് ഹൈജാക്ക് ചെയ്തുവെന്ന പരാതിയാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും വിവാദ പദ്ധതികള്‍ ഒഴിവാക്കുമെന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ അഭിപ്രായം രൂപീകരിച്ചുകൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന് വ്യക്തമാക്കി. എതിര്‍പ്പുള്ളവരെ തണുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിട്ടുണ്ട്.
കരിമണല്‍ ഖാനനം പോലുളളവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എമര്‍ജിങ് കേരള വേണ്ടെന്ന നിലപാട് അംഗീകരിക്കില്ല. എമര്‍ജിങ് കേരള ഭൂമി കച്ചവടം ആണെന്ന ആരോപണം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷവും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും എതിര്‍ക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയാണ് വ്യവസായ വകുപ്പിന് ശക്തിപകരുന്നത്.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമാത്രം ഒരിക്കലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പരിസ്ഥിതിയെന്നത് ഇന്നത്തെ കാര്യമാണ്. വികസനമെന്നാല്‍ ഭാവിയും. ഇന്നത്തെ കാര്യംമാത്രം ശ്രദ്ധിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുമെന്നും സര്‍ക്കാരിന് ഇത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ഭൂമി വിട്ടുകൊടുത്ത് സംസ്ഥാനത്ത് ഒരു വികസനപദ്ധതിയും കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തില്‍ വികസനം വരണമെങ്കില്‍ വന്‍ പദ്ധതികള്‍ അനിവാര്യമാണ്. എന്നാല്‍, സര്‍ക്കാരിന്റെ താല്‍പ്പര്യവും ഉടമസ്ഥാവകാശവും നിലനിര്‍ത്തി മാത്രമേ പദ്ധതികള്‍ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും യുഡിഎഫില്‍ത്തന്നെ അതിന് സ്വീകാര്യത കൈവന്നിട്ടില്ല. കേരള കോണ്‍ഗ്രസ്സിന്റെ മൗനവും ശ്രദ്ധേയമാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന ആഗോളനിക്ഷേപക സംഗമത്തെ ഇടതുമുന്നണി ശക്തമായി എതിര്‍ത്തിരുന്നു. പക്ഷെ ഭരണപക്ഷം ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എമര്‍ജിങ് കേരള എന്ന ആശയത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ അതിന്റെപേരില്‍ കേരളത്തിന്റെ മണ്ണും വിണ്ണും വിറ്റഴിക്കുന്ന സമീപനത്തോട് യോജിക്കാനാകില്ലെന്നുമുള്ള വാദം യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ശക്തം. കരിമണല്‍ ഖാനനം പോലെ ജനങ്ങള്‍ എതിര്‍ത്ത പദ്ധതികള്‍ എമര്‍ജിങ് കേരളയിലൂടെ പുതിയ പേരില്‍ അവതരിപ്പിക്കുന്നത് വികസന വിരുദ്ധമാണെന്ന് വി.എം. സുധീരന് ആരോപിക്കുന്നു. സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള ഇന്‍കെലിന്റെ കൈയിലുള്ള ഭൂമി എമര്‍ജിങ് കേരളയിലൂടെ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. ഇന്‍കെലിന്റെ ആഭിമുഖ്യത്തില്‍ 2266കോടിയുടെ എഡ്യൂഹെല്‍ത്ത് സിറ്റി പദ്ധതിയാണ് ഇതില്‍ പ്രധാനം. വ്യവസായ വകുപ്പിന്റെ ഭൂമി ദീര്‍ഘകാലത്തേക്ക് സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നല്‍കിയാണ് എഡ്യുഹെല്‍ത്ത് സിറ്റി നടപ്പാക്കുന്നത്. 183ഏക്കറില്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കും.
ഭൂപരിഷ്കരണ നിയമം, 1980ലെ വന നിയമം, ആദിവാസികളുടെയും മറ്റും സുരക്ഷയ്ക്കുവേണ്ടിയുണ്ടാക്കിയ നിയമങ്ങള്‍ എന്നിവ പാലിച്ചായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നാണ് യുഡിഎഫിലെ ഹരിതവാദികളായ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. വി.ഡി. സതീശന്, ടി.എന്‍. പ്രതാപന്, വി.ടി. ബല്‍റാം, ഹൈബി ഈഡന്, കെ.എം. ഷാജി, എം.വി. ശ്രേയാംസ്കുമാര്‍ എന്നിവരാണ് ഈ കൂട്ടായ്മക്ക് പിന്നില്‍. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉയര്‍ന്ന ജനസാന്ദ്രതയും പരിഗണിച്ചുകൊണ്ടും, ജൈവ വൈവിധ്യത്തിനും പരിസ്ഥിതിയ്ക്കും അമൂല്യമായ പ്രകൃതി സമ്പത്തുകള്‍ക്കും യാതൊരു കോട്ടവും വരുത്താത്തതുമാകണം പുതിയ പദ്ധതികള്‍. പ്രൊജക്റ്റുകള്‍ക്കായി തെരഞ്ഞെടുക്കുന്ന ഭൂമി, അത് വനഭൂമിയായാലും റവന്യൂ ഭൂമിയായാലും സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുത്. ഭൂമിയുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും സര്‍ക്കാരിനാകണം. ഭൂമി പാട്ടത്തിന് നല്കുന്നെങ്കില് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തണം. പാട്ടത്തുക മാര്‍ക്കറ്റ് വിലയ്ക്കാനുപാതികമായി നിശ്ചയിക്കണം. വര്‍ഷാവര്‍ഷം പാട്ടത്തുക പുതുക്കണം. വന്‍ പദ്ധതികള്‍ക്ക് അനുമതി നല്കുമ്പോള് എല്ലാ കേന്ദ്രസംസ്ഥാന നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കണം തുടങ്ങിയ ഇവരുടെ നിലപാടുകളോട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമീപനം എന്താണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. അഞ്ചാംമന്ത്രി പ്രശ്നത്തിലും നെല്ലിയാംപതി വിഷയത്തിലും ഉണ്ടായതുപോലൊരു തര്‍ക്കം നാളത്തെ യുഡിഎഫ് യോഗത്തിലുണ്ടാകാം. എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടനം 12ന് നടക്കേണ്ടതുള്ളതിനാല്‍ വിവാദ പദ്ധതികള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു തീരുമാനമാകും ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: