ന്യൂദല്‍ഹി: വിവാദമായ കല്ക്കരിയിടപാടിന്റെ പേരിലുള്ള പാര്‍ലമെന്റ് സ്തംഭനം ഇന്നലെയും തുടര്‍ന്നു. ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കി. തുടര്‍ച്ചയായ പത്താം ദിവസമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നത്.
ഇന്നലെ പാര്‍ലമെന്റ് സമ്മേളിച്ചയുടന്‍ ഇരുസഭകളിലും പതിവുപോലെ ബഹളം തുടങ്ങി. ശ്രീലങ്കന്‍പ്രശ്നം ഉന്നയിച്ച് ഡിഎംകെ, എഐഎഡിഎംകെ, സിപിഐ, വിടുതലൈ ചിരുത്തൈഗര് കച്ചി (വിസികെ) അംഗങ്ങളും ബിജെപിക്കൊപ്പം നടുത്തളത്തിലിറങ്ങി. ബഹളം മൂര്‍ഛിച്ചതോടെ രാജ്യസഭയും ലോക്സഭയും ഉച്ചവരെ നിര്‍ത്തിവെച്ചു.
ലോക്സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. ഇന്ത്യയിലെ വ്യോമത്താവളങ്ങളില്‍ ശ്രീലങ്കന്‍ സായുധസേനകള്‍ക്ക് പരിശീലനം നല്‍കുന്നതിനെതിരെയാണ് ഡിഎംകെ പ്രതിഷേധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജക്സെയുടെ നിര്‍ദ്ദിഷ്ട മധ്യപ്രദേശ് സന്ദര്‍ശനത്തിനെതിരെ വിസികെ അംഗങ്ങളും പ്രതിഷേധിച്ചു. അംഗങ്ങള്‍ രോഷാകുലരാണെന്ന് ബോധ്യപ്പെട്ടതോടെ സ്പീക്കര്‍ മീരാകുമാര്‍ ഉച്ചവരെ ലോക്സഭ നിര്‍ത്തിവെച്ചു.
മുന്‍ അംഗം ബീരാ കേസരിദേവിന്റെ നിര്യാണത്തില്‍ ചെയര്മാന് ഹമീദ് അന്‍സാരി അനുശോചനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യസഭയിലും ബഹളം തുടങ്ങി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളും ശ്രീലങ്കന്‍ സേനയെ ഇന്ത്യയില്‍ പരിശീലിപ്പിക്കുന്നതിനെതിരെ ഡിഎംകെ അംഗങ്ങളും ബഹളമുണ്ടാക്കി. അംഗങ്ങളോട് ശാന്തരാകാനും ചോദ്യോത്തരവേള അനുവദിക്കാനും അന്‍സാരി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആദ്യം അദ്ദേഹം സഭാനടപടികളുടെ തല്‍സമയ സംപ്രേഷണം നിര്‍ത്തിവെക്കുകയും പിന്നാലെ ഉച്ചവരെ സഭ മറ്റീവ്ക്കുകയും ചെയ്തു.
അതേസമയം, മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ അനധികൃതമായി കല്‍ക്കരി ഖാനനം നടത്തിയ അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ധന്‍ബാദ്, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലുള്‍പ്പെടെ മുപ്പതോളം ഇടങ്ങളിലാണ് സിബിഐ അനേഷഷണത്തിനിടയില് പരിശോധന നടത്തിയത്. കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേരുകളും കോടതി മുമ്പാകെ സമര്‍പ്പിച്ച എഫ്ഐആറില്‍ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ ആരോപണത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിനി അയേണ്‍ ആന്റ് സ്റ്റീല്‍, നവഭാരത് സ്റ്റീല്‍, കോണ്‍ഗ്രസ് എംപി വിജയ് ദാര്ദയുടെ പങ്കാളിത്തത്തിലുള്ള ജെഎല്‍ഡി യവദ്മല്, ജാസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, എഎംആര്‍ അയേണ്‍ ആന്റ് സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കും അവയുടെ ഡയറക്ടര്‍മാര്‍ക്കും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, വസ്തുതകള്‍ മറച്ചുവെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്.
അതേസമയം, വിനി അയേണ്‍ ആന്റ് സ്റ്റീല്‍ ഡയറക്ടര്‍ വൈഭവ് തുല്‍സ്യാന്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. നക്സല്‍ ആക്രമണം രൂക്ഷമായതോടെ കമ്പനി ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയായിരുന്ന മധു കോഡയുടെ സഹായിയായ വിജയ് ജോഷിക്ക് താന്‍ വിറ്റിരുന്നതായും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന സമയത്ത് കമ്പനി ജോഷിയുടെ കൈവശമായിരുന്നുവെന്നും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കിയെന്നതു മാത്രമാണ് താന്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: