തിരുവനന്തപുരം: ജഡ്ജിമാരെക്കുറിച്ചുള്ള കെ സുധാകരന് എം.പിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ സുപ്രീംകോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയതിനു സാക്ഷിയാണെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.
വിവാദ പ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരനെതിരേ സിബിഐ കേസെടുത്തിട്ടില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. സിബിഐ കേസെടുത്തുവെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
സുധാകരനെതിരെ സുപ്രീംകോടതി അയച്ച കത്ത് സിബിഐയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് ഇന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ. ബൈജു ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാഞ്ഞതിനും കോടതിയില്‍ ഹാജരാകാതിരുന്നതിനും ബൈജുവിന് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് അദ്ദേഹം ഹാജരായത്.
അതേസമയം കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം കോടതിക്ക് അധികാരമില്ലെന്ന വാദവുമായി കെ സുധാകരന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുധാകരന്റെ അഭിഭാഷകന് കൂടുതല്‍ സമയം ചോദിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: