ന്യൂദല്‍ഹി: തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന് തങ്ങളുടെ പൗരന്മാരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കന്‍ പൗരന്മാര് തമിഴ്നാടു സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ തഞ്ചാവൂരിലെ ഒരു ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ് കൈയ്യേറ്റം ചെയ്ത പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശവുമായി മുന്നോട്ട് വന്നത്. പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ പൗരന്മാര്ക്കു സുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.
തമിഴ്നാടു ജനതയ്ക്കു ശ്രീലങ്കന്‍ പൗരന്മാരോടുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്നും ഇതിനോടകം തന്നെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടിയന്തിര ആവശ്യത്തിന് തമിഴ്നാട്ടിലേക്ക് പോകേണ്ടിവരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും ഉത്തരവില്‍ പറയുന്നു.
ശ്രീലങ്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ പരിശീലനത്തിനെത്തിയ രണ്ട് ശ്രീലങ്കന്‍ ഫുട്ബോള്‍ ടീമിനോടും നാട്ടിലേക്ക് മടങ്ങാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: