തിരുവനന്തപുരം: എമര്‍ജിംഗ് കേരളയിലെ ഓരോ പദ്ധതിയെ കുറിച്ചും പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പദ്ധതിയും എമര്‍ജിംഗ് കേരളയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്താണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ തയ്യാറാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വകാര്യ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഏത് പ്രോജക്ട് വേണമെന്നും വേണ്ടെന്നും നിലപാട് എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ കേരളത്തില്‍ നിക്ഷേപ ക്യാമ്പെയ്ന് വേണ്ടെന്നും എമര്‍ജിംഗ് കേരള പൂര്‍ണമായും ഉപേക്ഷിക്കണമെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിയെ അക്കാര്യം ബോധ്യപ്പെടുത്താന്‍ വ്യവസായവകുപ്പ് തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിത രാഷ്ട്രീയ എംഎല്‍എമാര്‍ എമര്‍ജിംഗ് കേരള വേണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രാജ്യതാല്പര്യം മനസിലാക്കി പരിപാടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അവര്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ വന്ന് കൊള്ളലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വേണ്ടെന്ന് വെയ്ക്കുന്നതില്‍ വിരോധമില്ല. അനിശ്ചിതത്വം നീക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: