ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തെറ്റിദ്ധരിപ്പിച്ച് കല്‍ക്കരിപ്പാടം സ്വന്തമാക്കിയെന്നാണ് നവഭാരത് ലിമിറ്റഡ് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.
ഇതിനു കൂട്ടു നിന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ചത്തീസ്ഗഡ്, ജാര്‍ഘണ്ട് സര്‍ക്കാരുകള്‍ക്കെതിരെയും കമ്പനി ഉടമകള്‍ക്കെതിരെയും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അറിയുന്നു.
പ്രതിപക്ഷത്തിന്റെ ജുഡിഷ്യല്‍ അന്വേഷണ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളാനുള്ള പ്രധാന കാരണം സിബിഐ അന്വേഷണം നിലനില്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശത്തായിരുന്ന സിബിഐ മേധാവി എ പി സിങ്ങ് തിരികെയെത്തിയിരുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടിന്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി രാജ്യമെങ്ങും റെയ്ഡ് നടക്കുകയാണ്. ദല്‍ഹി, മുംബൈ, നാഗ്പൂര്‍, ധന്‍ബാദ്, ഹൈദരാബാദ്, പാറ്റ്ന, കോല്‍ക്കത്ത തുടങ്ങി പത്തു നഗരങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: