കൊച്ചി : തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരമേഖലകളില്‍ ഇന്നലെയുണ്ടായ കടല്‍ക്ഷോഭം ജനങ്ങളെ പരിഭ്രാന്തരാക്കി. പലയിടത്തും കടല്‍ പിന്‍വലിഞ്ഞതും കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നതും സുനാമിഭീതി പടര്‍ത്തി.
വാടാനപ്പിള്ളിയിലും കൊടുങ്ങല്ലൂരിന്റെ വിവിധ മേഖലകളിലുമാണു രൂക്ഷമായ കടലാക്രമണമുണ്ടായത്. വാടാനപ്പിള്ളിയില്‍ നൂറു മീറ്ററളോളം തീരം കടലെടുത്തു. മുന്നൂറോളം കുടുംബങ്ങള്‍ കടലാക്രമണഭീഷണിയില്‍. വാടനപ്പള്ളിയില്‍ പത്തു വീടുകള്‍, രണ്ട് സ്വകാര്യ റിസോര്‍ട്ടുകള്‍ എന്നിവ തകര്‍ന്നു. അമ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി. എഴുപതോളം വീടുകള്‍ കടലേറ്റ ഭീഷണിയിലാണ്. മൂന്നു കിലോമീറ്ററോളം സീവാള്‍ റോഡ് തകര്‍ന്നു. വാടാനപ്പള്ളി ബീച്ച് മുതല്‍ പൊക്കാഞ്ചേരി ബീച്ച് വരെയാണു ഞായറാഴ്ച അര്‍ധരാത്രി മുതല്‍ കടലാക്രമണം തുടങ്ങിയത്. ഇന്നലെ ഉച്ചവരെ കടലാക്രമണം തുടര്‍ന്നു. സീവാള്‍ റോഡിനു മുകളിലൂടെ 300 മീറ്റര്‍ ദൂരത്തില്‍ വെള്ളം അടിച്ചു കയറിയതു മൂലം കൃഷി മുഴുവന്‍ നശിച്ചു. വാഴകള്‍, തൈതെങ്ങുകള്‍ എന്നിവ കടപുഴകി വീണു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും വലിയ കടലേറ്റം ഉണ്ടാകുന്നത്. ആര്‍ഡിഒ അനില്‍കുമാര്‍, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ അനില്‍കുമാര്‍, പ്രേംചന്ദ്, വില്ലെജ് ഓഫിസര്‍ വിജയരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കൊടുങ്ങല്ലൂരിലെ തീരമേഖലയിലെ എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയറോഡ്, വാ കടപ്പുറം, തട്ടുംകടവ് എന്നി പ്രദേശങ്ങളിലാണു രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടത്. പുതിയ റോഡ് വാ കടപ്പുറത്ത് കടല്‍ഭിത്തിക്കു കേടുപാടു സംഭവിച്ചു. തീരദേശവാസികള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടല്‍ഭിത്തിയുടെ അറ്റകുറ്റപണി ഉടന്‍ നടത്തണമെന്നും തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. പുന്നപ്രയില്‍ കടല്‍ ഉള്‍വലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇരുപതോളം വീടുകള്‍ തകര്‍ന്നു. അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് എന്നിവിടങ്ങളില്‍ നൂറുകണക്കിന് തെങ്ങുകള്‍ കടപുഴകി. പഴയങ്ങാടി, കരൂര്‍, പായല്‍ക്കുളങ്ങര, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് പുറക്കാട് പഞ്ചായത്തില്‍ കടല്‍ഭിത്തിക്ക് പടിഞ്ഞാറ് നിര്‍മിച്ച നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി.
അമ്പലപ്പുഴയില്‍ ഇരുപത്തിരണ്ടോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. പുറക്കാട്, അമ്പലപ്പുഴ, കരൂര്‍ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ പ്രദേശത്ത് കടല്‍ വെള്ളം കയറി മുങ്ങിയിട്ടും വെള്ളം ഒഴുക്കി വിടാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിനാല്‍ തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. ഇതേ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഒടുവില്‍ ജില്ലാ കലക്ടര്‍ എത്തി സമരക്കാരും രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു. പുന്നപ്രയില്‍ അര കിലോമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇടവിട്ട് കടല്‍ ഉള്‍വലിയുകയും പൂര്‍വസ്ഥിതിയിലാകുകയും ചെയ്തു. പ്രദേശത്ത് ചെളി നിറയുകയും ചെയ്തു. ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും വെള്ളം കയറി തീരദേശ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. രാത്രി വൈകിയും ജലനിരപ്പ് ഉയര്‍ന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. പലരും വീടു വിട്ട് ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ച് തുടങ്ങി.
കൊല്ലത്തെ ഇരവിപുരത്തും കരുനാഗപ്പള്ളി ആലപ്പാടും കടലാക്രമണം ശക്തം. ഇരവിപുരത്ത് കാക്കത്തോപ്പ്, കുരിശുംമൂട്, ഗാര്‍ഫില്‍ നഗര്‍, താന്നി, ആദിച്ചമണ്‍തോപ്പ്, ലക്ഷ്മിപുരം, കൊച്ചുതോപ്പ്, കാക്കത്തോപ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണം കൂടുതല്‍ ശക്തം. കടല്‍ഭിത്തിക്ക് മുകളിലൂടെ ശക്തമായ തിരമാലകളാണ് തീരത്തേക്ക് ആഞ്ഞടിക്കുന്നത്. സുനാമിതിരമാലകള്‍ പോലെ ഭീതിജനകമായതാണ് ഇവയെന്നും തീരവാസികള്‍ പറയുന്നു.
കടലാക്രമണം ശക്തമായാല്‍ മയ്യനാട് താന്നിമുക്ക്, ഇടക്കുന്നം പനമൂട് എന്നിവിടങ്ങളില്‍ പണി പൂര്‍ത്തിയായ സുനാമി ഭവനങ്ങളിലേക്ക് തീരേദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കാക്കത്തോപ്പിലെയും ഇരവിപുരത്തെയും ഏതാനും കുടുംബങ്ങളെ കഴിഞ്ഞ മാസം താന്നിമുക്കിലെ സുനാമിഭവനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവിടെ നിര്‍മാണം നടന്നുവരുന്ന ഭവനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മറ്റുള്ള കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും.
കടലാക്രമണം ശക്തമായ ഇരവിപുരം കാക്കത്തോപ്പ്, കുളത്തുംപാടം കുരിശുംമൂട്, കൊച്ചുതോപ്പ്, ലക്ഷ്മിപുരംതോപ്പ്, എന്നിവിടങ്ങളില്‍ ഇന്നലെ ജില്ലാ കലക്ടര്‍ പി.ജി തോമസ് സന്ദര്‍ശനം നടത്തി. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ താജുദ്ദീന്, എ.എക്സി നിസാര്‍, എ.ഇ ബിന്ദു, കോര്പറേഷന് കൗണ്‍സിലര്‍ എം.ജെ ബിനു എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. കടലാക്രമണം ശക്തമായാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: