കൊടുങ്ങല്ലൂര്‍ : വസ്തു ഇടപാടിനെച്ചൊല്ലി സഹോദരന്മാര്ക്കിടയിലെ തര്‍ക്കം തീര്‍ക്കാന്‍ നടത്തിയ മധ്യസ്ഥശ്രമത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. എറിയാട് പുന്നക്കപ്പറമ്പില്‍ ബാബു (47) ആണ് മരിച്ചത്. ജേഷ്ഠസഹോദരന് രഘുനാഥാണ് വെടിവെച്ചത്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന സഹോദരന് കാര്ത്തികേയന് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് ആറര മണിയോടെ ശാന്തിപുരം കല്ലട ഹോട്ടലില്‍ വെച്ചാണ് സംഭവം. മധ്യസ്ഥതക്കായെത്തിയ എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി.രമേശന്റെ സാന്നിധ്യത്തിലായിരുന്നു വെടിവെപ്പ്. മൂന്ന് സഹോദരന്മാരും ചേര്‍ന്ന് റൂബി ഗ്രൂപ്പിന്റെ പേരില്‍ ബസ്സ് സര്‍വീസ് ഉള്‍പ്പടെ നിരവധി വ്യവസായങ്ങള്‍ നടത്തിവരുന്നുണ്ട്.
പ്രവാസി വ്യവസായിയായ രഘുനാഥന് ഇളയ സഹോദരന് ബാബുവുമായുള്ള സ്വത്തുതര്‍ക്കം പരിഹരിക്കാനെന്നുപറഞ്ഞ് കാര്‍ത്തികേയനേയും ബാബുവിനേയും ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആറുമണിയോടെയാണ് ഇവര്‍ മുറിയിലെത്തിയത്. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടയില്‍ രഘുനാഥ് സഹോദരന് ബാബുവിനെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ബഹളത്തിനിടെ കാര്‍ത്തികേയനേയും വെടിവെക്കാന്‍ ഒരുങ്ങിയെങ്കിലും ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ബാബുവിനെ കൊടുങ്ങല്ലൂര്‍ പോലീസെത്തി മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിലെ പ്രതിയായ രഘുനാഥിനെ എറിയാട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ബാബുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. ഭാര്യ പ്രീത, മക്കള്‍ അഞ്ജു, രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: