ആലപ്പുഴ: ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന സന്ദേശം പ്രചരിപ്പിച്ച് കാര്‍ഷിക ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കായി ജനമനസുകളെ തൊട്ടറിഞ്ഞ് സീതാറാം കേത്ലായ ഭാരത പരിക്രമഗ്രാമപദയാത്ര തുടരുന്നു. വിശ്വമംഗള ഗോഗ്രാമയാത്രയുടെ ദേശീയ സെക്രട്ടറിയും ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ സേവാപ്രമുഖുമായ കേത്ലായക്ക് ഇന്നലെ തീരദേശ ഗ്രാമമായ മംഗലത്താണ് സ്വീകരണം നല്‍കിയത്.
ജാതി, മത, ഭാഷ, ആചാരം തുടങ്ങി സകലഭേദ വിചാരങ്ങള്‍ക്കും അപ്പുറം നാം ഭാരതീയരാണെന്ന മഹത് സന്ദേശവുമായെത്തിയ സീതാറാമിന് മംഗലം സെന്റ് മാക്സിമില്യണ്‍ കോള്‍ബി ചര്‍ച്ചില്‍ ഊഷ്മള വരവേല്പാണ് ലഭിച്ചത്. വികാരി ഫാ.ജോസഫ് തെക്കേല്‍, സഹവികാരി ഫാ.ജോസ്, സിസ്റ്റര്‍ അര്‍ച്ചന, പള്ളിക്കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സീതാറാമിനെ സ്വീകരിച്ചത്.
തുടര്‍ന്ന് യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി ഭാരത സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. വൈദികരുടേതുള്പ്പെടെയുള്ളവരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. ഇത്തരം സന്ദര്‍ശനങ്ങളും പങ്കുവെയ്ക്കലുകളും ഭാരതത്തിലെ ഇന്നത്തെ ദുഷ്പ്രവണതകള്‍ക്ക് പരിഹാരം കാണാനും ജനങ്ങളുടെ ബന്ധം ദൃഢമാക്കാനും കഴിയുമെന്നും ഫാ.ജോസഫ് തെക്കേല്‍ പറഞ്ഞു.
പിന്നീട് സീതാറാമിനും അനുഗമിച്ചവര്‍ക്കും ലഘുഭക്ഷണവും നല്കി. തുളസിമാല ചാര്‍ത്തിയ ധര്‍മ പതാകയുമേന്തി ഓരോ ദിവസവും രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് സീതാറാമും സഹയാത്രികയായ സാമൂഹിക പ്രവര്‍ത്തക ഛായയും കാല്‍നടയാത്ര നടത്തുന്നത്. ഇന്നലെ രാവിലെ 7ന് ആറാട്ടുവഴിയില്‍ സായിസേവാ കേന്ദ്രം ഭാരവാഹി മോഹന്‍ലാല്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പി.കണ്ണന്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.ഉദയന്‍, സേവാപ്രമുഖ് സഹദേവന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് മംഗലം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം അവിടെ ഫലവൃക്ഷത്തൈ നട്ടു. വിശ്രമത്തിന് ശേഷം ഭിക്ഷാടനം, പിന്നീട് സത്സംഗം, ഭജന, ചര്‍ച്ച, രാത്രിയില്‍ ഭജനയോടെയാണ് ഒരു ദിവസം അവസാനിക്കുക. പുലര്‍ച്ചെ 3ന് ഉണരുന്ന സീതാറാം യോഗയും ധ്യാനവും ഗോമാതാപൂജയും നടത്തും. രാവിലെ 6ന് യാത്ര തുടങ്ങും. മഴയത്തും വെയിലത്തും കാല്‍നടയാത്രയ്ക്ക് ഭംഗമില്ല. ഇന്ന് മാരാരിക്കുളം കഞ്ഞിക്കുഴിയിലേക്ക് യാത്ര തുടരും.
ആഗസ്റ്റ് 9ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഭാരതത്തിലെ ഗ്രാമങ്ങളില്‍ പര്യടനം നടത്തി നാല് വര്‍ഷത്തിന് ശേഷം കന്യാകുമാരിയില്‍ സമാപിക്കും. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.ജയകുമാര്‍, ജില്ലാ ധര്‍മജാഗരണ്‍ പ്രമുഖ് സി.പ്രകാശ് എന്നിവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: