കൊച്ചി: എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് നിയമലംഘനം അനുവദിക്കില്ലെന്ന് യു.ഡി.എഫിലെ പരിസ്ഥിതി വാദികളായ എംഎല്‍എമാര്‍. ഭൂപരിഷ്കരണ- വന നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും ബ്ലോഗിലൂടെ എം.എല്‍.എമാര്‍ വ്യക്തമാക്കി.
വി ഡി സതീശന്, ടി എന്‍ പ്രതാപന്, വി ടി ബല്‍റാം, ശ്രേയാംസ്കുമാര്‍, ഹൈബി ഈഡന് എന്നിവരുടേതാണ് ബ്ലോഗ്. കേരളത്തില്‍ വികസനം വരണം. അതില്‍ തര്‍ക്കമില്ല, പക്ഷെ പരിസ്ഥിതിയെ മറന്നുകൊണ്ടുള്ളതാകരുത് അതെന്നും കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതിയും മറ്റ് കാര്യങ്ങളും പരിശോധിച്ച് വേണം പദ്ധതികള്‍ തെരഞ്ഞെടുക്കേണ്ടതെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കുന്നു.
നിക്ഷേപങ്ങള്‍ അംഗീകരിക്കും മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണം. ജനസാന്ദ്രത കാരണം എല്ലാ തരം വികസനവും കേരളത്തില്‍ പറ്റില്ല. വ്യവസായിക-സാമ്പത്തിക വളര്‍ച്ചയില്‍ കേരളം വളരെ പിന്നിലാണ്. അതുകൊണ്ട് തന്നെ എമര്‍ജിംഗ് കേരള അനിവാര്യമാണ്. എന്നാല്‍ ഇത് നടപ്പിലാക്കുന്നത് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി.
പദ്ധതികള്‍ക്ക് ഭൂമി കൈമാറുന്നത് സുതാര്യവും നിയമപരവുമായിട്ടാണെന്ന് ഉറപ്പുവരുത്തണം. പാട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും നിലവിലെ പാട്ടവ്യവസ്ഥ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും എം.എല്‍.എമാര്‍ പറയുന്നു. എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്കെതിരെ സുഗതകുമാരിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നെല്ലിയാമ്പതി അടക്കമുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ എമര്‍ജിംഗ് കേരളയുടെ പേരിലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് സുഗതകുമാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: