ന്യൂദല്‍ഹി: കടല്ക്കൊലപാതകക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നാവികര്‍ കപ്പലിലെ സുരക്ഷാജീവനക്കാര്‍ മാത്രമാണെന്നും നയതന്ത്ര പ്രതിനിധികള്‍ക്കാണ് പ്രത്യേക സുരക്ഷ നല്‍കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദേശികള്‍ ആയുധങ്ങളുമായി ഇന്ത്യയിലെത്തി കുറ്റകൃത്യം നടത്താന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പൗരന്മാര്ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗൗരവ് ബാനര്‍ജിയാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടി വച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ ബോട്ട് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ ഇറ്റലി വാദിച്ചിരുന്നു. വെടിവയ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്നും അതിനാല്‍ ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: