തിരുവനന്തപുരം: ആര്‍എസ്പി മുന്‍ ദേശീയജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പങ്കജാക്ഷന് അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. സംസ്ഥാനത്തെ അഞ്ചു മന്ത്രിസഭകളില്‍ അംഗമായിരുന്നു. പൊതുമരാമത്ത്, തൊഴില്‍, സ്പോര്‍ട്സ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1970 മുതല്‍ 1991 വരെ നിയമസഭാംഗമായിരുന്നു. ചരിത്രം കുറിച്ച സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ട്രേഡ് യൂണിയന് രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു.
റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ പ്രമുഖസ്ഥാനം നേടിക്കൊടുത്തതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ് കെ.പങ്കജാക്ഷന്. ഏഴ് ദശകക്കാലം പാര്‍ട്ടിയുടെ അരങ്ങത്തും അണിയറയിലും മുഴങ്ങിയ ശബ്ദമായിരുന്നു. ആര്.എസ്.പിയുടെ ആരംഭം മുതല്‍ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന പങ്കജാക്ഷന് പേട്ട വെടിവയ്പ്, സി.പിയെ വെട്ടല്‍ തുടങ്ങിയ ഐതിഹാസിക സമരങ്ങളുടെ അണിയറയില്നിന്നാണ് രാഷ്ട്രീയം പഠിച്ചത്. ജ്യേഷ്ഠന് സദാനന്ദശാസ്ത്രിയുടെ കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടര്ന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ദിവാന് സര് സി.പി ‘സ്വതന്ത്ര തിരുവിതാംകൂര്‍’ എന്ന ആശയംപ്രചരിപ്പിക്കാന് സംഘടിപ്പിച്ച യോഗങ്ങളെ കലക്കുകയെന്ന ദൗത്യമായിരുന്നു തുടക്കക്കാരനായ പങ്കജാഷന്. പേട്ടയിലെ കോണ്‍ഗ്രസ് യോഗത്തില്‍ വെടിവയ്പ് വരെ എത്തിച്ചതിന്റെ മുന്നണിയില്‍ പങ്കജാക്ഷന് ഉണ്ടായിരുന്നു.
ശ്രീകണ്ഠന്‍നായരും കൂട്ടരും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന ആര്.എസ്.പിയുടെ ഭാഗമായപ്പോള്‍ കെ. പങ്കജാക്ഷനും അവരോടൊപ്പം ചേര്‍ന്നു. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളുടെ ചേരുവകള്‍ക്കനുസരിച്ച് നില്ക്കേണ്ടിവന്നു. അങ്ങനെ അടിയന്തരാവസ്ഥ കാലത്ത് ടി.കെ.ദിവാകരന്റെ പിന്‍ഗാമിയായി മന്ത്രിസഭയില്‍ അംഗമായി. അഞ്ചു പ്രാവശ്യം മന്ത്രിയായി. ഏറെയും ഇടതുമന്ത്രിസഭകളില്‍. പില്ക്കാലത്ത് പാര്‍ട്ടി പലതവണ പിളര്‍ന്നപ്പോള്‍ ഇടതിനൊപ്പം നില്‍ക്കുന്നതിനുള്ള പ്രത്യയശാസ്ത്ര വീക്ഷണം ഉറപ്പിച്ചത് പങ്കജാക്ഷന്റെ നിലപാടുകളായിരുന്നു.
1928ല്‍ എം.കേശവന്റെ മകനായി തിരുവനന്തപുരം പേട്ടയില്‍ ജനിച്ച പങ്കജാക്ഷന് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1945ല്‍ സജീവരാഷ്ട്രീയക്കാരനായി. കേരളത്തിലെ ആര്.എസ്.പിയുടെ ചരിത്രവും കെ.പങ്കജാക്ഷന്റെ ജീവിതവും ഇഴപിരിക്കാന്‍ കഴിയില്ല. സ്വന്തം തട്ടകമായ പേട്ട ഡിവിഷനില്‍ നിന്നും സദാനന്ദശാസ്ത്രിയുടെ പിന്‍ഗാമിയായി നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതാം വയസ്സില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്ളൂരില്‍ നിന്നു മത്സരിച്ച് തോറ്റു. ഉള്ളൂരില്‍ തോറ്റെങ്കിലും തിരുവനന്തപുരം വെസ്റ്റ്, ആര്യനാട് മണ്ഡലങ്ങള്‍ പങ്കജാക്ഷന്റെ തട്ടകമായിരുന്നു. അച്യുതമേനോന്, കെ.കരുണാകരന്, എ.കെ.ആന്റണി, പി.കെ.വി, ഇ.കെ.നായനാര്‍ എന്നിവര്‍ നയിച്ച മന്ത്രിസഭയില്‍ പൊതുമരാമത്ത്, തൊഴില്‍, സ്പോര്‍ട്സ് മന്ത്രിയായി പ്രവര്‍ത്തിച്ചു.
കെ.പങ്കജാക്ഷന് ശതാഭിഷിക്തനായപ്പോഴാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം അവശനായിരുന്നില്ല. നഗരസഭാംഗം മുതല്‍ ആര്.എസ്.പിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി വരെയായി. ആശയത്തില്‍ അടിയുറച്ചു നിന്ന് അവശജനവിഭാഗങ്ങള്ക്കായി ഒരു പാടു കാര്യങ്ങള്‍ ചെയ്തു. നാടിന്റെ പൊതുവായ വികസനത്തിന് തരക്കേടില്ലാത്ത സംഭാവന ചെയ്തു എന്നാശ്വസിക്കാം. എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന വൈജയന്തിയാണ് ഭാര്യ. ഡോ.ഇന്ദു, പ്രമുഖ പത്രപ്രവര്ത്തകന് ബസന്ത് പങ്കജാക്ഷന് (മാതൃഭൂമി ദല്‍ഹി ബ്യൂറോ), കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ബിനി എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: