കോട്ടയം: ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി എന്‍എസ്എസ് പിന്‍വലിച്ചു. ഭൂരിപക്ഷ സമുദായഐക്യത്തിനായുള്ള നിര്‍ണ്ണായക കാല്‍വയ്പ്പാണ് എന്‍എസ്എസ് നേതൃത്വം നടത്തിയിരിക്കുന്നത്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നതിനാണ് ഹര്‍ജി പിന്‍വലിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. സംവരണ സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ക്രീമിലെയറിന്റെ പേരില്‍ തടസ്സം നില്‍ക്കേണ്ടതില്ലെന്ന എന്‍എസ്എസ്സിന്റെ തീരുമാനപ്രകാരമാണ് സുപ്രീംകോടതിയില്‍ നല്കിയ പരാതി വേണ്ടെന്ന് വയ്ക്കാന്‍ കാരണമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ക്രീമിലെയര്പരിധി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രസ്താവനകളും പ്രതികരണങ്ങളുമാണ് ഹിന്ദുഭൂരിപക്ഷ സമുദായങ്ങളായ എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങളെ കുറച്ചുകാലമായി അകറ്റി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സംഘടിത മതസംഘടനകളും മറ്റും ഭരണത്തെ സ്വാധീനിച്ച് അനര്‍ഹമായത് നേടിയെടുക്കുന്നത് വ്യാപകമായതോടെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ ഇരുസമുദായങ്ങളും തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ഐക്യത്തിനായി ഏറ്റവും യുക്തമായ പുതിയ തീരുമാനവുമായി എന്‍എസ്എസ് നേതൃത്വം മുന്നിട്ടിറങ്ങിയത്.
ക്രീമിലെയര്‍ പരിധി രണ്ടരലക്ഷത്തില്‍ നിന്നും നാലരലക്ഷമാക്കി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് എന്‍എസ്എസ് നടത്തി വന്നിരുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിയമയുദ്ധവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിന്ദുഐക്യമെന്ന ആശയം മുന്‍നിര്‍ത്തി ഹര്‍ജി നിരുപാധികം പിന്‍വലിച്ച് എന്‍എസ്എസ് നിലപാടെടുത്തത്.
സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും മറ്റാനുകൂല്യങ്ങളും നല്കണമെന്നുള്ള റിട്ട. മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു അധ്യക്ഷനായ ദേശീയ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ആര്.സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്.
“സംവരണസമുദായങ്ങള്‍ക്ക് നിലവിലുള്ള സംവരണത്തിലും ആനുകൂല്യത്തിലും കുറവു വരുത്തരുത്. ഇതോടൊപ്പം സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കണം”, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: