ന്യൂദല്‍ഹി: വിവാദമായ കല്ക്കരിയിടപാടില് ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കുന്നതുവരെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കി. കല്‍ക്കരി ഇടപാടില്‍ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പാര്‍ട്ടി തള്ളി.
പാര്‍ലമെന്റില്‍ ഒന്നും നടക്കുന്നില്ലെങ്കിലും വിവാദ ഇടപാട് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി വാര്‍ത്താലേഖകരോട് പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. പാര്‍ലമെന്റ് സ്തംഭനം ചിലയവസരങ്ങളില്‍ രാജ്യത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, കല്‍ക്കരി ഇടപാട് വന്‍വിവാദമാകുകയും പാര്‍ലമെന്റ് സ്തംഭനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കല്‍ക്കരി ബ്ലോക്കുകളുടെ കൈമാറ്റം നിര്‍ത്തിവെക്കാന്‍ സാധ്യത.
ഖാനികള്‍ കൈമാറരുതെന്ന് അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്താനും ഖാനിമന്ത്രാലയത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.
കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. റിലയന്‍സ് പവര്‍ അടക്കം ഇരുപതിലേറെ സ്വകാര്യ കമ്പനികളെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് കല്‍ക്കരി ബ്ലോക്ക് അഴിമതിയെക്കുറിച്ച് സിബിഐ പ്രാഥമികാന്വേഷണം നടത്തിയത്.
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിവാദ ഇടപാടുകള്‍ മുഖ്യമായും നടന്നത്. പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഉടന്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് ചീഫ് സെക്രട്ടറി മാരടക്കമുള്ള ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. ഉന്നത ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മിക്ക കല്‍ക്കരി ബ്ലോക്കുകളും അനുവദിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കേന്ദ്ര കല്‍ക്കരി വകുപ്പിലെ ഉന്നതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് സൂചന. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ വിതരണം ചെയ്തതുമൂലം ഖജനാവിന് ശതകോടികളുടെ നഷ്ടമുണ്ടായെന്ന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം വന്‍ വിവാദമായത്.
ഇതേസമയം, പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതിന് പകരം യുപിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തയ്യാറാവുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവും സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനുമായ പി.സി. ചാക്കോ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. കല്‍ക്കരി ഇടപാട് സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാവുകയാണ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ചെയ്യേണ്ടത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയാണ് അഴിമതി ആരോപിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് ചാക്കോ അഭിപ്രായപ്പെട്ടു.
വിവാദമായ കല്ക്കരിയിടപാടില് രാജ്യത്തിന് നഷ്ടമൊന്നുമില്ലെന്ന യുപിഎ സര്‍ക്കാരിന്റെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുമ്പോള്‍ ഖാനനത്തിനുള്ള അവകാശം അത് അനുവദിക്കപ്പെട്ട സ്വകാര്യവ്യക്തികള്‍ക്കാണ്, മറിച്ച് സര്‍ക്കാരിന് അല്ലെന്നും നിസാര തുകക്കാണ് സര്‍ക്കാരിന് ഖാനികളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പെക്ട്രം ഇടപാടില്‍ നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ‘ശൂന്യനഷ്ട’ സിദ്ധാന്തത്തില്‍നിന്ന് ധനമന്ത്രി പി. ചിദംബരം ഒന്നും പഠിച്ചിട്ടില്ല. 2 ജി കുംഭകോണം പുറത്തുവന്ന വേളയില്‍ ഇപ്പോഴത്തെ വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബലാണ് ശൂന്യനഷ്ട സിദ്ധാന്തം കൊണ്ടുവന്നത്. ഒടുവില്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്ന സിബലിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞില്ല, ജെറ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: