ബാംഗ്ലൂര്‍: ആസാം കലാപത്തിന്റെ പേരില്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തി വ്യാജസന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ നാല് മലയാളികളടക്കം 11 പേര് പിടിയില്‍. കേരളത്തിലെ മലപ്പുറം സ്വദേശികളായ അഷ്റഫ്, ബാബു, ഹനീഫ, ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ റഫീഖ് എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. തീവ്രവാദസ്വഭാവമുള്ള വേറെയും ചിലര്‍ ഉടന്‍ പിടിയിലാകുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോചിത്രങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഒട്ടേറെപ്പേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ആര്. അശോക വാര്‍ത്താലേഖകരെ അറിയിച്ചു. ആസാമിലെ അതിക്രമങ്ങളുടെ പേരില്‍ തിരിച്ചടി ഭയന്ന് കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് വ്യാപക അറസ്റ്റ് നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ തിരിച്ചുപോകുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെയപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വടക്കു കിഴക്കന്‍ സ്വദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള നടപടികളില്‍ രണ്ട് ആസാം മന്ത്രിമാരായ ചന്ദന്‍ ബ്രഹ്മ (ഗതാഗതമന്ത്രി), നീലമണി സെന്‍ ദേക (കൃഷിമന്ത്രി) എന്നിവര്‍ സംതൃപ്തി അറിയിച്ചിട്ടുണ്ട്. ആസാമിലെയും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് തക്ക സമയത്ത് സഹായമെത്തിച്ച കര്‍ണാടക സര്‍ക്കാരിനെ ബ്രഹ്മ നന്ദി അറിയിച്ചു. മനോഹര സംസ്ഥാനമായ കര്‍ണാടകയില്‍ സുരക്ഷിതമായി ജോലിയും പഠനവുമെല്ലാം തുടരാന്‍ കഴിയും. സംസ്ഥാനം വിട്ടവരെല്ലാം ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ പഠിക്കുന്ന ആസാം വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വരാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് രക്ഷിതാക്കളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ദേക പറഞ്ഞു.
വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ ഒരു ടെക്സ്റ്റെയില്‍ കടയുടമയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉക്കടം മേഖലയിലെ ഒരു കോളനിയില്‍നിന്നാണ് സൈബര്‍ ക്രൈം സെല്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വടക്ക്-കിഴക്കന്‍ മേഖലയിലെ 250 പേരുടെ യോഗത്തില്‍ താന്‍ പങ്കെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ. വിശ്വനാഥന് അറിയിച്ചു. ജോലിസ്ഥലങ്ങളിലും അവര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: