കോട്ടയം: കോട്ടയം: എറണാകുളം-കോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കെഎസ്ആര്‍ടിസി ഡ്രൈവറിലേക്ക്. എറണാകുളം ഡിപ്പോ എംപാനല്‍ ഡ്രൈവറും മുളന്തുരുത്തി സ്വദേശിയുമായ സെന്തിലിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് ബോംബ് വച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സെന്തില്‍ കൊയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത എടക്കാട്ടുവയല്‍ സ്വദേശി കെ.ജെ. തോമസിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് നീക്കം.
ബോംബ് നിക്ഷേപിച്ചിരുന്ന സ്റ്റീല്‍ പാത്രത്തില്‍ നിന്നു ലഭിച്ച കുറിപ്പില്‍ തോമസിന്റെ പേരു രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായ തോമസും സെന്തിലും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നടന്നതായാണു മൊഴി. സ്ഥലത്ത് ആഭ്യന്തര സുരക്ഷാവിഭാഗം സൂപ്രണ്ട് തെളിവെടുപ്പ് നടത്തുകയാണ്. നേരത്തെ സ്ഫോടക വസ്തുവില്‍ അമോണിയം നൈട്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചിരുന്നു. എല്‍ഇഡി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ദിവസം വെള്ളൂര്‍ പാലത്തില്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പാളത്തോട് ചേര്‍ന്ന് സിഗ്നല്‍ ബോക്സിന് സമീപം സ്ഫോടകവസ്തു കണ്ടെത്തിയത്. മൂന്ന് ബാറ്ററികള്‍,ടൈമര്‍, പൈപ്പ്, ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവ പരസ്പരം ബന്ധിപ്പിച്ചിരുന്നതിലെ തെറ്റാണ് സ്ഫോടനം നടക്കാതിരുന്നതിനു കാരണം.
അതേ സമയം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു സൂചന. ഇതിനുള്ള ഡിജിപിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനൗപചാരികമായി അന്വേഷണം ആരംഭിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം എസ് പി ജയനാഥന്റെ നേതൃത്വത്തിലുള്ള സംഘവും പാലാ ഡിവൈഎസ്പി രമേശ് കുമാറും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: