തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ഭൂമിക്ക് ചട്ടവിരുദ്ധമായി കെഎസ്ഐഡിസി വായ്പ നല്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അഡീഷണല്‍ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിനാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നെല്ലിയാമ്പതിയിലെ പാട്ടഭൂമിക്ക് കെഎസ്ഐഡിസിയും 589 ലക്ഷം രൂപയാണ് വായ്പ നല്‍കിയത്. ഈ ഗുരുതരമായ നിയമലംഘനം ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. 2011 മാര്‍ച്ചിലാണ് ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1980ലെ വനനിയമത്തിന് കീഴില്‍ വരുന്ന ഭൂമിയാണ് നെല്ലിയാമ്പതിയിലേത്. ഈ ഭൂമി ഈടുവെച്ച് എസ്റ്റേറ്റ് ഉടമകള്‍ക്ക് വായ്പ നല്‍കിയത് നിയമ ലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനികള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടും കെഎസ്ഐഡിസി ആവര്‍ത്തിച്ച് വായ്പ നല്കി. ഇതിനെ തുടര്‍ന്ന് 75.67 കോടി രൂപയുടെ നഷ്ടം കെഎസ്ഐഡിസിക്ക് ഉണ്ടായിട്ടുണ്ട്. പാട്ടഭൂമി ഈടാക്കി ബാങ്കുകള്‍ വായ്പ നല്‍കിയതിനെക്കുറിച്ച് വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും യുഡിഎഫ് എംഎല്‍എമാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കെയാണ് കെഎസ്ഐഡിസിയും വായ്പ നല്കിയ വിവരം പുറത്തായത്.
മീര ഫ്ലോറസ് എസ്റ്റേറ്റ് ആണ് കെഎസ്ഐഡിസിയില്‍ പണയപ്പെടുത്തി വായ്പയെടുത്തത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിക്കാണ് കെഎസ്ഐഡിസി 5.89 കോടി വായ്പ നല്‍കിയത്. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള പൂര്‍ണമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വിവിധ കമ്പനികള്‍ ഉണ്ടാക്കി വീണ്ടും വീണ്ടും കെഎസ്ഐഡിസിയില്‍ നിന്ന് ഇവര്‍ വായ്പയെടുത്തു. തിരിച്ചടവ് മുടക്കിയ ശേഷവും പുതിയ വായ്പ അനുവദിക്കുകയായിരുന്നു.
ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ന്യൂവേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, മലബാര്‍ ഡയറി എന്നിവ ചേര്‍ന്ന് 1994ല്‍ 486.83 ഏക്കറുള്ള മീരാ ഫ്ളോറസ് എസ്റ്റേറ്റ് സ്വന്തമാക്കിയിരുന്നു. കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്ത വനംഭൂമി ട്രെന്‍ഡ് ഗ്രൂപ്പിന് രജിസ്റ്റര്‍ ചെയ്ത് നല്കിയ നെന്മാറ സബ് രജിസ്ട്രാര്‍ നിയമലംഘനം നടത്തിയെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ട്രെന്‍ഡ് ഗ്രൂപ്പ് വായ്പ തിരിച്ചടവ് മുടക്കിയപ്പോള്‍ കെഎസ്ഐഡിസിയുടെ നിര്‍ദേശപ്രകാരം മീരാ ഫ്ളോറസ് എസ്റ്റേറ്റ് കണ്ടുകെട്ടിയ ചിറ്റൂര്‍ തഹസില്‍ദാരുടെ നടപടിയും ചട്ടവിരുദ്ധമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും കൈമാറാന്‍ പാടില്ലാത്തതുമായ ഭൂമി കണ്ടുകെട്ടുന്നത് വനംനിയമത്തിന്റെ ലംഘനമാണ്.
എന്നാല്‍, നെല്ലിയാമ്പതിയിലെ വനംഭൂമി ഈടായി സ്വീകരിച്ച് ഒരു കമ്പനിക്കും ലോണ്‍ നല്‍കിയിട്ടില്ലെന്ന് കെഎസ്ഐഡിസി പറയുന്നു. കൊച്ചിയിലെ ട്രെന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് 5.89 കോടി രൂപ വായ്പ നല്‍കിയിരുന്നു. കൊച്ചിയിലെ 10.38 ഏക്കര്‍ ഭൂമിയുടെ അധിക ജാമ്യ വും ഈടാക്കിയിരുന്നു. തിരിച്ചടവ് മുടങ്ങിയ ഘട്ടത്തില്‍ റവന്യൂ റിക്കവറികളുടെ ഭാഗമായി കമ്പനികളുടെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു. തെറ്റായ രേഖകളിലൂടെ വനംഭൂമി കമ്പനി സ്വന്തം പേരിലാക്കിയ സംഭവത്തില്‍ കെഎസ്ഐഡിസിയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കെഎസ്ഐഡിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: