ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റത്തിലെ അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. തുടര്‍ച്ചായി രണ്ടാം ദിവസമാണു കല്‍ക്കരിപ്പാടം വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിക്കുന്നത്. കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളംവെച്ചത്.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഈ വാഗ്ദാനം പ്രതിപക്ഷം തള്ളിക്കളഞ്ഞു. ആദ്യം രാജി അതിനുശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ഭാവനാസമ്പന്നമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.
കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തതിലൂടെ ഒരു ലക്ഷത്തി എണ്‍പത്താറായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജി റിപ്പോര്‍ട്ട്. ഇരു സഭകളും രാവിലെ ചേര്‍ന്നയുടന്‍ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബഹളമുണ്ടാക്കി. തുടര്‍ന്നു ഇരു സഭകളും 12 മണിവരെ നിര്‍ത്തിവച്ചു. അതിനു ശേഷവും ബഹളം തുടര്‍ന്നതിനാല്‍ രണ്ടു മണി വരെ സഭകള്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് ഇന്നത്തേയ്ക്കു പിരിയുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: