ന്യൂദല്‍ഹി: പാതയോര പൊതുയോഗം തടഞ്ഞ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ലോകത്തിലെ ഏകരാജ്യം ഇന്ത്യയായിരിക്കുമെന്നും കോടതി വിമര്‍ശിച്ചു. യാത്രാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നം ആര് പരിഹരിക്കുമെന്നും കോടതി ചോദിച്ചു. സഞ്ചാരസ്വാതന്ത്ര്യമൊരുക്കുന്നത് പോലീസിന്റെ കര്‍ത്തവ്യമാണെന്നും അത് പോലീസ് നിര്‍വഹിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ പോലീസിനെ എല്ലാ കാര്യത്തിലും കുറ്റപ്പെടുത്താന്‍ കഴിയുമെന്നും പക്ഷെ ഇക്കാര്യത്തില്‍ അവര്‍ നിസ്സഹായരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയാണെന്നും സാധാരണക്കാരന്റെ വിഷമം ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചു. രാജ്യം ഭരിക്കാന്‍ കോടതിക്കാകില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. അപ്പീലില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ച കോടതി തുടര്‍നടപടികള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: