തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ ഗുഡ്വില് അംബാസഡറായി നടന് ജയറാം ചുമതലയേറ്റു. കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികളെ സഹായിക്കാന്‍ സ്വന്തം നിലയില്‍ ആവിഷ്കരിച്ച ചികിത്സാഫണ്ടിനും ജയറാം തുടക്കം കുറിച്ചു.
ഇനിമുതല്‍ ചലച്ചിത്ര അഭിനയത്തിലൂടെയും സ്റ്റേജ് ഷോയിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ഭാഗം ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരായ രോഗികള്‍ക്കു മാറ്റിവയ്ക്കുമെന്നു ജയറാം പറഞ്ഞു. പ്രതിഫലത്തുകയുടെ ഒരു ഭാഗം ഇതിനായുള്ള പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച് രസീത് കാണിച്ചാല്‍ മാത്രമേ അഭിനയമായാലും സ്റ്റേജ് ഷോ ആയാലും ഇനി ജയറാം പങ്കെടുക്കുകയുള്ളു. ആരംഭഘട്ടം എന്ന നിലയില്‍ ആര്‍സിസിയുടെ പ്രവര്‍ത്തനത്തിനായി ഒരു ലക്ഷം രൂപ സംഭാവന ചെയ്തതായും അദ്ദേഹം അറിയിച്ചു.
സിനിമാരംഗത്തുള്പ്പെടെയുള്ളവര്ക്ക് തന്റെ ശ്രമം ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുകയില ഉപയോഗം മൂലമുളള ക്യാന്‍സര്‍ തടയുന്നതിനു സംസ്ഥാനത്തെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നും ജയറാം അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണു ജയറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: